ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കില്ല; പന്ത് പകരം ക്യാപ്റ്റനാകും; റിപ്പോർട്ട്

യുവ ഇന്ത്യൻ നായകൻ ഇനിയെപ്പോൾ ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് കളിച്ചേക്കില്ല. ആദ്യ ടെസ്റ്റിനിടെ താരത്തിന്റെ കഴുത്തിന് പരിക്കേറ്റതാണ് കാരണം. എന്നാൽ ഇന്ത്യൻ ടീമിനൊപ്പം ​ഗില്ലും ​രണ്ടാം ടെസ്റ്റ് നടക്കുന്ന ​ഗുവാഹത്തിയിലേക്ക് സഞ്ചരിക്കും. യുവ ഇന്ത്യൻ നായകൻ ഇനിയെപ്പോൾ ടീമിനൊപ്പം ചേരുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഡോക്ടർമാർ താരത്തിന് തൽക്കാലത്തേയ്ക്ക് വിശ്രമമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിന് മുന്‍പ് ഗില്ലിന്റെ പരിക്ക് ഭേദമാവില്ല എന്നാണ് സൂചന. ഇങ്ങനെയെങ്കില്‍ സായി സുദര്‍ശനോ, ദേവ്ദത്ത് പടിക്കലോ ടീമില്‍ ഇടംപിടിക്കും.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശുഭ്മൻ ​ഗിൽ കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്ത് ഇന്ത്യൻ ക്യാപ്റ്റനാകും. എന്നാൽ പിന്നാലെ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റൻ ആരാകുമെന്നതിലാണ് ആകാംഷ. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് ഓസ്ട്രേലിയയിൽ വെച്ച് പരിക്കേറ്റിരുന്നു. ​ഗിൽ കളിച്ചില്ലെങ്കിൽ ഏകദിന ടീമിന് പുതിയ നായകനെ കണ്ടെത്തേണ്ടി വരും.

നവംബർ 22 മുതൽ 26 വരെ അസാമിന്റെ തലസ്ഥാനമായ ​ഗുവാഹത്തിയിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് നടക്കുക. ഈഡൻ ​ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പര സമനിലയിലാക്കാനാവും ഇന്ത്യൻ ടീമിന്റെ ശ്രമം.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ​ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.

Content Highlights:gill not play in the second Test against South Africa; Pant will be the captain

To advertise here,contact us