'ഇനി നമ്മുടെ പയ്യൻ യെല്ലോ, കൂടെ നമ്മളും!'; CSKയിൽ സഞ്ജുവിനെ അവതരിപ്പിച്ച് ബേസിൽ ജോസഫ്

വീഡിയോയിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ 11-ാം നമ്പർ ജഴ്സിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഐപിഎല്ലിൽ അടുത്ത സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ ആരാധകർക്കായി അവതരിപ്പിച്ച് മലയാള ചലച്ചിത്ര താരം ബേസിൽ ജോസഫ്. ചെന്നൈ സൂപ്പർ കിങ്സിന്റെ ഔദ്യോ​ഗിക സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലാണ് ബേസിൽ‌ സഞ്ജുവിനെ ആരാധകർക്കായി അവതരിപ്പിച്ചിരിക്കുന്നത്.

'ടൈമായി. എടാ മോനെ, പണി തുടങ്ങിക്കോ' എന്ന ബേസിലിന്റെ ഡയലോ​ഗോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ സഞ്ജുവിനായി ചെന്നൈ സൂപ്പർ കിങ്സിന്റെ ജഴ്സിയിൽ പടുകൂറ്റൻ കട്ടൗട്ട് ഒരുക്കുന്ന ബേസിലിന്റെ പ്രവർത്തനങ്ങളാണ് കാണിക്കുന്നത്. വീഡിയോയിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ 11-ാം നമ്പർ ജഴ്സിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോയ്ക്ക് ഒടുവിലായി 'ഇനി നമ്മുടെ പയ്യൻ യെല്ലോ, കൂടെ നമ്മളും' എന്ന് കരുത്തോടെ ബേസിൽ പറയുന്നുണ്ട്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു സഞ്ജു സാംസൺ‌. അടുത്ത സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് കൈമാറിയാണ് ചെന്നൈ സൂപ്പർ കിങ്സ് സ‍ഞ്ജു സാംസണെ സ്വന്തമാക്കിയത്. സഞ്ജുവിനെ അവതരിപ്പിച്ചുകൊണ്ട് നിരവധി ഫോട്ടോകൾ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ഇതാദ്യമായാണ് ചെന്നൈ സൂപ്പർ കിങ്സ് ഒരു വീഡിയോ ഇറക്കുന്നത്.

Content Highlights: Basil Joseph introduced Sanju Samson in CSK Video

To advertise here,contact us