'സഹതാരങ്ങളെ ഉപദ്രവിക്കാൻ ഞാൻ ഹർമൻപ്രീതല്ല'; ഇന്ത്യൻ ക്യാപ്റ്റനെതിരെ ആരോപണവുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ

മുൻ ബംഗ്ലാദേശ് പേസറായ ജഹനാര ആലം നിഗർ സുൽത്താന ജോട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു

സഹതാരങ്ങളെ ഉപദ്രവിച്ചുവെന്ന ആരോപണങ്ങൾ തള്ളി ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന ജോട്ടി. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും സഹതാരങ്ങളെ ഉപദ്രവിക്കാൻ താൻ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അല്ലെന്നും താരം പറഞ്ഞു.

നേരത്തെ മുൻ ബംഗ്ലാദേശ് പേസറായ ജഹനാര ആലം നിഗർ സുൽത്താന ജോട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. നിഗർ സുൽത്താന യുവതാരങ്ങളോട് മോശമായി പെരുമാറുകയും അടിക്കുകയും ചെയ്തിരുന്നു എന്നായിരുന്നു ജഹനാര ആലം ഉയർത്തിയ ആരോപണം.

ഇതിനോട് പ്രതികരിക്കുന്നതിനിടെയാണ് നിഗർ സുൽത്താന ഹർമനെതിരെ തിരിഞ്ഞത്. 2023 ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ പുറത്തായതിന് പിന്നാലെ ഹർമ്മൻ സ്റ്റമ്പ് ബാറ്റ് കൊണ്ട് അടിച്ചുപൊട്ടിച്ചിരുന്നു. ഇത് പരാമർശിച്ചായിരുന്നു പ്രതികരണം.

'ഞാനെന്തിന് ആരെയെങ്കിലും അടിക്കണം? ഞാൻ എന്തിന് ബാറ്റ് കൊണ്ട് സ്റ്റമ്പ് അടിച്ചുപൊട്ടിക്കണം? ഞാനാരാ ഹർമൻപ്രീത് കൗറോ?', താരം ചോദിച്ചു. ഏതായാലും ബംഗ്ലാദേശ് വനിതാ ക്രിക്കറ്റിൽ നടന്ന വിവാദത്തിലേക്ക് ഇന്ത്യൻ ക്യാപ്റ്റനെ വലിച്ചിട്ടതോടെ വിഷയം കൂടുതൽ ചർച്ചയായിരിക്കുകയാണ്.

Content Highlights: 

To advertise here,contact us