റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലും പാകിസ്താൻ താരങ്ങളുമായുള്ള ഹസ്തദാനം ഒഴിവാക്കി ഇന്ത്യ. മത്സരത്തിൽ ദേശീയ ഗാനത്തിനായി ഇരു ടീമുകളും ഗ്രൗണ്ടിൽ അണിനിരന്നെങ്കിലും ശേഷമുള്ള ഹസ്തദാനം ഒഴിവാക്കുകയായിരുന്നു.
മത്സരത്തിന്റെ ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ജിതേഷ് ശർമയും പാകിസ്താൻ ക്യാപ്റ്റന് ഇർഫാൻ ഖാനും ഹസ്തദാനത്തിനു നിന്നിരുന്നില്ല.
സീനിയർ ടീമിനെ മാതൃകയാക്കിയാണ് ഇന്ത്യന് യുവതാരങ്ങളും ഹസ്തദാനം ഒഴിവാക്കിയത്. ജിതേഷ് ശർമ പാക് ക്യാപ്റ്റനെ ഗൗനിക്കാതെ നിൽക്കുന്നതും കാണാമായിരുന്നു.
നേരത്തേ ഏഷ്യാകപ്പ് ക്രിക്കറ്റിലും വനിതാ ലോകകപ്പിലും ഇന്ത്യ– പാകിസ്താൻ താരങ്ങൾ തമ്മിൽ ഹസ്തദാനം ഉണ്ടായിരുന്നില്ല. ഏഷ്യാകപ്പില് പാകിസ്താനുമായി ഫൈനലിലുൾപ്പടെ മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നയിച്ച ഇന്ത്യൻ സംഘം ഹസ്തദാനം ഒഴിവാക്കുകയായിരുന്നു. വനിതാ ലോകകപ്പിൽ ഹർമൻപ്രീത് കൗറും സംഘവും ഇത് തന്നെ പിന്തുടർന്നു.
ശേഷം ഫൈനൽ ജയത്തിന് ശേഷം പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും പാകിസ്താന്റെ മന്ത്രിയുമായ മൊഹ്സിൻ നഖ്വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാനും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് അവകാശപ്പെട്ട ട്രോഫി ഇതുവരെ ലഭിച്ചിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിനും പിന്നാലെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പൂർണമായും നിലച്ചത്.
Content Highlights: Surya, Harman and Jitesh behind; no handshake with Pakistan in the Asia Cup