'പിച്ചിന്റേതല്ല, കുഴപ്പം ബാറ്റർമാരുടേത്'; ഈഡനിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതിന് പിന്നാലെ വിമർശനവുമായി ഗംഭീർ

ഇന്ത്യൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ച് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ

ദക്ഷിണാഫ്രിക്കക്കെതിരെ ഈഡൻ ഗാർഡൻസ് ടെസ്റ്റിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ ബാറ്റർമാരെ രൂക്ഷമായി വിമർശിച്ച് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. തങ്ങളുടെ ആവശ്യപ്രകാരമുള്ള പിച്ചാണ് ഒരുക്കിയതെന്നും പക്ഷേ ബാറ്റർമാർ സ്പിൻ ബൗളിങ്ങിനെതിരെ നന്നായി കളിച്ചില്ലെന്നും ഗംഭീർ കുറ്റപ്പെടുത്തി.

'ഞങ്ങൾ ആഗ്രഹിച്ച തരത്തിലുള്ള പിച്ചാണിത്. ക്യൂറേറ്ററുടെ ഭാഗത്തിനുന്ന് മികച്ച പിന്തുണയുണ്ടായിരുന്നു. പിച്ചിന് ഒരു കുഴപ്പവുമില്ല. ദക്ഷിണാഫ്രിക്ക നായകൻ ടെംപ ബാവുമ റൺസ് നേടിയില്ലെ, വാഷിങ്ടൺ സുന്ദറും അക്സർ പട്ടേലും റൺസ് കണ്ടെത്തി. ഇന്ത്യയുടെ പ്രധാന ബാറ്റർമാരാണ് നിരാശപ്പെടുത്തിയത്, മത്സരശേഷം ഗംഭീർ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം പിച്ചിനെ ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുയാണ്. ബൗളർമാർ സമ്പൂർണ്ണ ആധിപത്യം നേടിയ മത്സരത്തിൽ ബാറ്റർമാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഇരു ടീമിലും രണ്ട് വിക്കറ്റുകൾ ഒഴികെ എല്ലാ വിക്കറ്റുകളും സ്പിന്നര്‍മാര്‍ക്കായിരുന്നു. ബാവുമ മാത്രമാണ് മത്സരത്തിൽ ആകെ 50 ന് മുകളിൽ സ്കോർ ചെയ്തത്.

മത്സരത്തിൽ 124 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയെ 93 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 159 റൺസ് നേടിയപ്പോൾ ഇന്ത്യ 189 റൺസിന്റെ മറുപടി നൽകിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 153 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 30 റൺസ് അകലെ വീണു.

Content Highlights: gautam gambhir slams batters after southafrica lose

To advertise here,contact us