രഞ്ജി ട്രോഫി ക്രിക്കറ്റില് മധ്യപ്രദേശിനെതിരെ കേരളം ഒന്നാമിന്നിങ്സിൽ 281 റൺസിന് പുറത്ത്. രണ്ടാം ദിനം 35 റൺസ് റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്. ബാബ അപരാജിത് 98 റൺസെടുത്ത് പുറത്തായി.
ഏഴുവിക്കറ്റ് നഷ്ടത്തില് 246 റണ്സെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന് ശ്രീഹരി എസ് നായരെ തുടക്കത്തിൽ തന്നെ നഷ്ടമായി.പിന്നാലെ സെഞ്ചുറിക്കരികെ അപരാജിത്തും പുറത്തായി. 98 റൺസെടുത്താണ് താരം മടങ്ങിയത്. മടങ്ങിയതോടെ കേരളത്തിന്റെ ഇന്നിങ്സ് 281 ൽ അവസാനിച്ചു. മധ്യപ്രദേശിനായി അർഷാദ് ഖാൻ നാലുവിക്കറ്റെടുത്തു.
ഓപ്പണര് അഭിഷേക് ജെ നായരൊഴികെ കേരളത്തിന്റെ മുന്നിരബാറ്റര്മാരെല്ലാം നിരാശപ്പെടുത്തുന്നതാണ് ആദ്യദിനം കണ്ടത്. അക്കൗണ്ട് തുറക്കും മുന്പേ രോഹന് കുന്നുമ്മലിനെ നഷ്ടമായ കേരളത്തെ അഭിഷേകാണ് മുന്നോട്ടുനയിച്ചത്. താരം ടീമിനെ അമ്പത് കടത്തി. വണ്ഡൗണായി ഇറങ്ങിയ അങ്കിത് ശര്മ 20 റണ്സെടുത്തു. സച്ചിന് ബേബി ഡക്കായി മടങ്ങിയപ്പോള് ടീമിന് തുണയായ അഭിഷേക് 47 റണ്സെടുത്ത് കൂടാരം കയറി. അതോടെ കേരളം നാലുവിക്കറ്റ് നഷ്ടത്തില് 78 റണ്സെന്ന നിലയിലായി. നായകന് മുഹമ്മദ് അസറുദ്ദീനും(14) അഹമ്മദ് ഇമ്രാനും(5) പിടിച്ചുനില്ക്കാനായില്ല.
ആറുവിക്കറ്റ് നഷ്ടത്തില് 105 റണ്സെന്ന നിലയില് തകര്ച്ചയിലായ കേരളത്തെ ബാബ അപരാജിതും അഭിജിത് പ്രവീണും ചേര്ന്നാണ് രക്ഷിച്ചത്. ഏഴാം വിക്കറ്റ് കൂട്ടുകെട്ടില് മധ്യപ്രദേശ് ബൗളര്മാരെ ശ്രദ്ധയോടെയാണ് ഇരുവരും നേരിട്ടത്. ഇരുവരും അര്ധസെഞ്ചുറി തികച്ചതോടെ ടീം 200 കടന്നു. ഒടുവില് സ്കോര് 227 ല് നില്ക്കേ അഭിജിത് പുറത്തായി. 60 റണ്സാണ് താരത്തിന്റെ സമ്പാദ്യം. ഏഴാം വിക്കറ്റില് 122 റണ്സാണ് ഇരുവരും ചേര്ന്ന് പടുത്തുയര്ത്തിയത്.
Content Highlights: baba aparajith century lost; kerla vs madhyapradesh ranjitrophy