

ഇന്ത്യന് പ്രീമിയര് ലീഗിന്റെ ചരിത്രത്തില് തന്നെ ഏറ്റവും വലിയ ട്രേഡുകളിലൊന്നായാണ് മലയാളി വിക്കറ്റ് കീപ്പര് ബാറ്റര് സഞ്ജു സാംസണ് രാജസ്ഥാന് റോയല്സ് വിട്ട് ചെന്നൈ സൂപ്പര് കിംഗ്സിലേക്ക് കൂടുമാറിയത്. തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന് യാത്രയയപ്പ് നല്കി യശസ്വി ജയ്സ്വാളും ധ്രുവ് ജുറേലടക്കമുള്ള റോയല്സ് താരങ്ങള് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ സീസണില് രാജസ്ഥാന് റോയല്സിന്റെ കൗമാര സെന്സേഷന് വൈഭവ് സൂര്യവംശിയും സഞ്ജു സാംസണ് ഹൃദയഹാരിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ്.
ഇന്സ്റ്റഗ്രാമിലൂടെയാണ് വൈഭവിന്റെ പ്രതികരണം. 'ടിവിയില് നിങ്ങളുടെ ബാറ്റ് കാണുന്നത് മുതല് നിങ്ങളോടൊപ്പം ബാറ്റ് ചെയ്യുന്നത് വരെ, എല്ലാം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. നിങ്ങളില് നിന്ന് ഞാന് ഒരുപാട് കാര്യങ്ങള് പഠിച്ചു. എന്നോട് എപ്പോഴും സംസാരിക്കുന്നതിനും ഒരു സഹോദരനെപ്പോലെ പരിഗണിച്ചതിനും നന്ദി. ആ പിന്നേ, എന്നോട് എപ്പോഴും അങ്ങനെത്തന്നെ സംസാരിക്കണം', വൈഭവ് കുറിച്ചു.
ഐപിഎല്ലിന്റെ അടുത്ത സീസണ് മുതല് മഹേന്ദ്രസിംഗ് ധോണിക്കൊപ്പം ചെന്നൈ സൂപ്പര് കിംഗ്സിന്റെ മഞ്ഞക്കുപ്പായത്തിലാണ് സഞ്ജു കളിക്കുക. ട്രേഡിലൂടെ 18 കോടി രൂപയ്ക്കാണ് രാജസ്ഥാന് റോയല്സിന്റെ ക്യാപ്റ്റനെ ചെന്നൈ തട്ടകത്തിലെത്തിച്ചത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ റോയല്സിന് വിട്ടുനല്കി.
റുതുരാജ് ഗെയ്ക്ക്വാദാണ് അടുത്തസീസണില് ചെന്നൈ ടീമിനെ നയിക്കുക. താരലേലത്തിന് മുമ്പ് കളിക്കാരെ കൈമാറുന്നതിനും നിലനിര്ത്തുന്നതിനുമുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. പത്ത് ടീമുകളിലായി 72 കളിക്കാരെ ഒഴിവാക്കി. 163 താരങ്ങളെ നിലനിര്ത്തി.
Content Highlights: Vaibhav Suryavanshi's emotional post for Sanju Samson