ബുംറ ബാവുമയെ ബോഡി ഷെയ്മിങ് ചെയ്തത സംഭവം; പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ ടീം

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിനിടെയാണ് സംഭവം.

ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബാവുമയെ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ബോഡി ഷെയ്മിങ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് കോച്ച് ആഷ്‌വെൽ പ്രിൻസ്. വിഷയം കൂടുതൽ ചർച്ച ചെയ്ത് വിവാദമാക്കാനില്ലെന്നും കളി തുടരട്ടെ എന്നും ആഷ്‌വെൽ പറഞ്ഞു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒന്നാം ടെസ്റ്റിനിടെയാണ് സംഭവം. മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്ത്യന്‍ താരത്തിനെതിരെ ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്യുകയാണ്.

കൊല്‍ക്കത്തയില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാലാമനായാണ് ക്യാപ്റ്റന്‍ ബാവുമ ഇറങ്ങിയത്. ഓപ്പണര്‍മാരായ റിയാന്‍ റിക്ലത്തണിനെയും (23) ഐഡന്‍ മാര്‍ക്രത്തെയും (31) ബുംറ പുറത്താക്കിയതിന് പിന്നാലെയാണ് ബാവുമ ക്രീസിലെത്തുന്നത്. ബാറ്റിങ്ങിന്റെ തുടക്കത്തില്‍ ബുദ്ധിമുട്ടിയ ബാവുമ ബുംറയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

എല്‍ബിഡബ്ല്യുവിന് വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ അപേക്ഷിച്ചെങ്കിലും അംപയര്‍ നിരസിക്കുകയായിരുന്നു. പിന്നാലെ ഡിആര്‍എസിന് നല്‍കണോയെന്ന് ബുംറയും റിഷഭ് പന്തും രാഹുലും അടക്കമുള്ള താരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബുംറ ബാവുമയുടെ ഉയരത്തെ പരിഹസിച്ച് സംസാരിച്ചത്.

റിവ്യൂ എടുക്കണമെന്ന് ബുംറ പറഞ്ഞപ്പോള്‍ ഉയരം കൂടുതലായിരുന്നുവെന്നാണ് റിഷഭ് പറഞ്ഞത്. ബാവുമ 'കുള്ളനാ'യതുകൊണ്ട് ഉയരം കൂടിയത് പ്രശ്‌നമാകില്ലെന്നാണ് ബുംറ മറുപടിയായി പറയുന്നത്. ഇതുകേട്ട് രവീന്ദ്ര ജഡേജ അടക്കമുള്ള താരങ്ങള്‍ ചിരിക്കുകയും ചെയ്യുന്നുണ്ട്. കുള്ളനാണെങ്കിലും പന്ത് ഉയരം കൂടുതലായിരുന്നുവെന്ന് പന്ത് തിരിച്ചുപറയുന്നുമുണ്ട്. പിന്നാലെ ബുംറ റിവ്യൂവിന് നല്‍കാതെ ബോളിങ് എന്‍ഡിലേക്ക് തിരിച്ചുനടക്കുകയും ചെയ്തു.

Content Highlights: South Africa Breaks Silence On 'Bauna' Remark At Bavuma By Jasprit Bumrah

To advertise here,contact us