ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ റെക്കോർഡിട്ട് ഇന്ത്യൻ താരം റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ഇന്നിങ്സിൽ സിക്സർ നേടിയ താരം ഇന്ത്യൻ താരങ്ങളുടെ ടെസ്റ്റ് സിക്സർ നേട്ടത്തിൽ ഒന്നാമതായി.
കേശവ് മഹാരാജിന്റെ പന്ത് ഗ്യാലറിയിലേക്ക് പായിപ്പിച്ച പന്ത് ഇതുവരെ ടെസ്റ്റിൽ 91 സിക്സറുകളാണ് നേടിയത്. ഇതുവരെ 90 സിക്സറുമായി വീരേന്ദർ സെവാഗ് ആയിരുന്നു ലിസ്റ്റിൽ ഒന്നാമത്. രോഹിത് ശർമ (88), രവീന്ദ്ര ജഡേജ (80), എം.എസ്. ധോണി (78) എന്നിവരാണ് പിന്നീടുള്ള താരങ്ങൾ.
മത്സരത്തിൽ ലഞ്ചിന് പിരിയുമ്പോൾ 45 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ഇന്ത്യ നേടിയിട്ടുള്ളത്. 11 റൺസുമായി രവീന്ദ്ര ജഡേജയും അഞ്ചു റൺസുമായി ധ്രുവ് ജുറലുമാണ് ക്രീസിൽ. കെ എൽ രാഹുൽ (39), വാഷിംഗ്ടൺ സുന്ദർ (29 ), റിഷഭ് പന്ത്(27 ), ജയ്സ്വാൾ (12 ) എന്നിവരാണ് പുറത്തായത്. നാല് റൺസ് നേടിയിരുന്ന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ റിട്ടയർ ഹർട്ടായി.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര് പേസര് ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്സില് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജും കുല്ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില് 31 റണ്സെടുത്ത ഓപ്പണര് ഐഡന് മാര്ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്.
Content Highlights: rishabh pant surpass virendar sehwag six record