ഐപിഎൽ അടുത്ത സീസണിൽ ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി സാന്നിധ്യം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കും. ചെന്നൈ സൂപ്പർ കിങ്സ് തന്നെ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. നീണ്ട കാലം താരമായും ക്യാപ്റ്റനായും ടീമിനൊപ്പമുണ്ടായിരുന്ന സഞ്ജുവിന് നന്ദി അറിയിച്ച് രാജസ്ഥാൻ റോയൽസും സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി എത്തി.
സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങളെ പകരം രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മൂന്ന് താരങ്ങളും കൈമാറ്റ കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചു. തന്റെ ആദ്യ ക്ലബ് കൂടിയായ രാജസ്ഥാൻ റോയൽസിനോട് ജഡേജ ക്യാപ്റ്റൻ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.
നായകസ്ഥാനം നൽകാമെന്ന ഉറപ്പിലാണ് ജഡേജ രാജസ്ഥാനിലേക്ക് മാറാൻ തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 37കാരനായ ജഡേജയുടെ ഐപിഎല്ലിൽ ക്യാപ്റ്റൻസി റെക്കോർഡുകൾ മോശമാണ്. 2002ൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകസ്ഥാനം ധോണിയിൽ നിന്ന് ഏറ്റെടുത്ത ജഡേജയ്ക്ക് എട്ട് മത്സരങ്ങളിൽ രണ്ടിൽ മാത്രമാണ് ടീമിനെ വിജയിപ്പിക്കാനായത്. തുടർന്ന് ജഡേജ ക്യാപ്റ്റൻ സ്ഥാനം ധോണിക്ക് തന്നെ കൈമാറി. ഇന്ത്യൻ ടീമിൽ ഓൾറൗണ്ടറായ ജഡേജയെ ഒരിക്കൽ പോലും ക്യാപ്റ്റൻ സ്ഥാനം തേടിവന്നിട്ടുമില്ല.
മറുവശത്ത് ചെന്നൈ സൂപ്പർ കിങ്സിലും ക്യാപ്റ്റൻ ആരാകുമെന്നതിൽ ആകാംഷയുണ്ട്. നിലവിൽ റുതുരാജ് ഗെയ്ക്ക്വാദാണ് ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് റുതുരാജ് സീസൺ പകുതിക്ക് വെച്ച് പിന്മാറിയിരുന്നു. പിന്നീട് ധോണിയായിരുന്നു ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ ചെന്നൈ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. റുതുരാജ് ക്യാപ്റ്റനായിരുന്ന 2024ലെ സീസണിലും ചെന്നൈയുടെ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. അഞ്ചാം സ്ഥാനത്താണ് ചെന്നൈ ഫിനിഷ് ചെയ്തത്.
Content Highlights:official , Sanju Samson traded to Chennai Super Kings from rajasthan royals