പരിക്കേറ്റ ഗിൽ; മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല; നിർണായക അപ്‌ഡേറ്റുമായി BCCI

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗിൽ മൈതാനത്ത് ഉണ്ടായിരുന്നില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ സ്വീപ്പ് ഷോട്ട് അടിക്കുന്നതിനിടെ പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മത്സരത്തിലേക്ക് തിരിച്ചെത്തിയില്ല. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിൽ നാലാമനായി ഇറങ്ങി നാല് റൺസുമായി ക്രീസിലെത്തിയ താരം റിട്ടയർ ഹർട്ടായി മടങ്ങി. ശേഷം ഇന്ത്യയുടെ ഒമ്പത് വിക്കറ്റ് വീണപ്പോഴും മടങ്ങി എത്തിയില്ല. ശേഷം ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിലും ഗിൽ മൈതാനത്ത് ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ താരത്തിന്റെ പരിക്കിൽ നിർണായക അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ബി സി സി ഐ. ഗില്ലിന് കഴുത്തിൽ വേദന അനുഭവപ്പെട്ടുവെന്നും വിശദമായ പരിശോധനക്ക് ശേഷം മത്സരത്തിൽ തുടരുമോ ഇല്ലയോ എന്ന് തീരുമാനിക്കുമെന്നും ബി സി സി ഐ പുറത്തുവിട്ട വാർത്താ കുറിപ്പിൽ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 30 റൺസ് മാത്രം ലീഡാണ് നേടിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 159നെതിരെ ഇന്ത്യ 189 റൺസാണ് നേടിയത്.

കെ എല്‍ രാഹുല്‍ (39) , വാഷിംഗ്ടണ്‍ സുന്ദര്‍ (29), റിഷഭ് പന്ത് (27), രവീന്ദ്ര ജഡേജ(27) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മാർക്കോ യാൻസൺ മൂന്നും സൈമൺ ഹാമർ നാല് വിക്കറ്റും നേടി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 159 റണ്‍സിന് പുറത്താക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്.

മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48 പന്തില്‍ 31 റണ്‍സെടുത്ത ഓപ്പണര്‍ ഐഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

Content Highlights:Injured Gill; did not return to the match; BCCI with a crucial update

To advertise here,contact us