ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംബ ബാവുമയുടെ പുറത്താവൽ കൃത്യമായി പ്രവചിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. കൊല്ക്കത്തയില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാലാമനായാണ് ക്യാപ്റ്റന് ബാവുമ ഇറങ്ങിയത്. ഓപ്പണര്മാരായ റിയാന് റിക്ലത്തണിനെയും (23) ഐഡന് മാര്ക്രത്തെയും (31) ബുംറ പുറത്താക്കിയതിന് പിന്നാലെയാണ് ബാവുമ ക്രീസിലെത്തുന്നത്.
എന്നാൽ ദക്ഷിണാഫ്രിക്കൻ നായകന് വെറും 11 പന്ത് മാത്രമേ ക്രീസിൽ പിടിച്ചുനിൽക്കാൻ സാധിച്ചുള്ളൂ. മൂന്ന് റൺസ് മാത്രം നേടിയ ബാവുമയെ കുൽദീപ് യാദവ് ധ്രുവ് ജുറേലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ബാവുമയെ പുറത്താക്കുന്നതിന് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്ത് ഒരുക്കിയ തന്ത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്.
കുല്ദീപിന്റെ ഓവറില് ബവുമ സ്ട്രൈക്ക് നേരിടവേ ഫീല്ഡര്മാര്ക്ക് റിഷഭ് പന്ത് നല്കിയ നിര്ദേശങ്ങളാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത സംഭാഷണത്തിലൂടെ പുറത്തുവന്നത്. ബവുമയ്ക്ക് സ്വീപ്പ് ഷോട്ടുകള് കളിക്കാനിഷ്ടമാണെന്നും ലെഗ് സൈഡില് ക്യാച്ച് നല്കാന് സാധ്യതയുണ്ടെന്നും പന്ത് കുല്ദീപിനോട് വിളിച്ചുപറയുകയായിരുന്നു. ലെഗ് സൈഡിലുള്ള ഫീല്ഡര്മാരോട് ക്യാച്ചിന് വേണ്ടി തയ്യാറായി ഇരിക്കണമെന്ന് പന്ത് നിര്ദേശം നല്കുകയും ചെയ്തു.
Rishabh Pant was alerting all leg side fielders for BavumaNext ball - Bavuma Out Top notch game sense by Pant 🔥 pic.twitter.com/8uCjzBwqkd
ബവുമയുടെ വീക്ക്നസിനെ കൃത്യമായി മനസിലാക്കിയ റിഷഭ് പന്തിന്റെ കണക്കുകൂട്ടലുകള് പിഴച്ചില്ല. ഓവറിലെ അവസാന പന്തില് ബവുമ പുറത്താവുകയായിരുന്നു. കുല്ദീപ് എറിഞ്ഞ പന്ത് മുന്നോട്ടുവന്ന് ബവുമ പ്രതിരോധിക്കാന് ശ്രമിച്ചെങ്കിലും ബാറ്റില് എഡ്ജായ ശേഷം ബാക്ക് വേര്ഡ് ഷോര്ട്ട് ലെഗില് നിന്നിരുന്ന ജുറേലിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.
Content Highlights: IND vs SA: Rishabh Pant predicted Temba Bavuma's wicket as Kuldeep Yadav struck on the very next ball