ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ സായ് സുദർശനെ ഉൾപ്പെടുത്താത്തതിനെതിരെ മുൻ താരം മുഹമ്മദ് കൈഫ്. താരത്തെ തഴഞ്ഞതിൽ ആകാശ് ചോപ്രയടക്കമുള്ള മുൻ താരങ്ങളും ആരാധകരും വലിയ വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കൈഫും രംഗത്തെത്തിയത്. അവസാനം കളിച്ച ടെസ്റ്റില് നന്നായി പെര്ഫോം ചെയ്തിട്ടും സായ് സുദര്ശന് ഇന്ത്യന് പ്ലെയിങ് ഇലവനില് നിന്നും അവഗണിക്കപ്പെട്ടതിനെയാണ് കൈഫ് രൂക്ഷമായി വിമർശിച്ചത്.
സായ് സുദർശനെ ഉൾപ്പെടുത്താത്തതിലുള്ള നിരാശ എക്സ് പോസ്റ്റിലൂടെയാണ് കൈഫ് അറിയിച്ചത്. നേരത്തെ പ്രായമായെന്ന് പറഞ്ഞ് രോഹിത് ശര്മയെ ക്യാപ്റ്റന്സിയില് നിന്നും പുറത്താക്കിയ ഇന്ത്യ ഇപ്പോള് ചെറുപ്പക്കാരനായ സായിയോട് കാണിച്ചത് എങ്ങനെ ശരിയാവുമെന്നും കൈഫ് ചോദിക്കുന്നു.
'അവസാനത്തെ ടെസ്റ്റില് 87 റണ്സ് സ്കോര് ചെയ്തിട്ടും അടുത്ത ടെസ്റ്റിൽ 24കാരനായ സായ് സുദര്ശനെ ഒഴിവാക്കിയ തീരുമാനം അമ്പരപ്പിക്കുന്നതാണ്. പ്രായക്കൂടുതൽ കാരണമാണ് രോഹിത് ശര്മയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയതെന്നാണ് അവര് നമ്മളോടു പറഞ്ഞത്. ഇപ്പോൾ ടീം മാനേജ്മെന്റ് ഒരു യുവതാരത്തോട് ക്ഷമ കാണിക്കുന്നില്ല. ഡ്രസിങ് റൂമിന് ഇത്തരത്തില് ആശയക്കുഴപ്പമുണ്ടാക്കുന്ന സിഗ്നലുകള് നല്കുന്നതു നല്ലതല്ല', കൈഫ് എക്സിൽ കുറിച്ചു.
വെസ്റ്റ് ഇന്ഡീസിനെതിരെ ഡല്ഹിയില് നടന്ന അവസാന ടെസ്റ്റിന്റെ ഒന്നാം ന്നിങ്സിലാണ് കരിയര് ബെസ്റ്റ് സ്കോറായ 87 റണ്സ് സായ് നേടിയത്. പിന്നീട് റണ്ചേസില് 37 റണ്സും സായ് അടിച്ചെടുത്തു. ഇതിനോടകം അഞ്ച് ടെസ്റ്റുകളിലാണ് ഇന്ത്യക്കു വേണ്ടി സായ് കളിച്ചത്. 30.33 ശരാശരിയില് രണ്ടു ഫിഫ്റ്റികളടക്കം 273 റണ്സും സായ് സ്വന്തമാക്കി.
Content Highlights: IND vs SA: Mohammad Kaif Slams the decision to drop Sai Sudharsan