തെക്കേ അമേരിക്കൻ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി രണ്ട് ടീമുകൾ തമ്മിൽ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര കളിക്കാനൊരുങ്ങുന്നു. അർജന്റീനയും ബ്രസീലും തമ്മിലാണ് പരമ്പര നടക്കുക. ക്രിക്കറ്റ് അർജന്റീന മത്സരങ്ങൾക്ക് വേദിയാകും. നവംബർ 28 മുതൽ 30 വരെയാണ് മത്സരങ്ങൾ. 29നും 30നും രണ്ട് മത്സരങ്ങൾ വീതം നടക്കും.
തെക്കേ അമേരിക്കയിൽ അർജന്റീന - ബ്രസീൽ ക്രിക്കറ്റ് മത്സരങ്ങൾ മുമ്പ് രണ്ട് തവണ മാത്രമാണ് നടന്നിട്ടുള്ളത്. രണ്ട് മത്സരങ്ങളിലും അർജന്റീനയ്ക്കായിരുന്നു വിജയം. 2019ലെ സൗത്ത് അമേരിക്കൻ ചാംപ്യൻഷിപ്പിലാണ് ഇരുടീമുകളും ആദ്യമായി നേർക്കുനേർ വന്നത്. അന്ന് 18 ഓവറായിരുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അർജന്റീന ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബ്രസീലിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെടുക്കാനെ സാധിച്ചുള്ളൂ.
കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടിയത്. അന്ന് 11 റൺസിനായിരുന്നു അർജന്റീനയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അർജന്റീന നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ബ്രസീലിന്റെ മറുപടി 19.1 ഓവറിൽ 96 റൺസിൽ അവസാനിക്കുകയും ചെയ്തു.
Content Highlights: Cricket Argentina to host Brazil Men for T20i Series