ബഹിഷ്കരണ തീരുമാനം ഉപേക്ഷിച്ച് ശ്രീലങ്ക; പാകിസ്താനുമായുള്ള ഇന്നത്തെ മത്സരം മാറ്റിവെച്ചു

നിലവിൽ ആദ്യ മത്സരം ജയിച്ച് പാകിസ്താൻ പരമ്പരയിൽ മുന്നിലാണ്.

പാകിസ്താനെതിരെ ഏകദിന പരമ്പര ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ചില ശ്രീലങ്കൻ താരങ്ങൾ കളിക്കില്ലെന്ന് അറിയിച്ചിരുന്നു.

ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു. ബോര്‍‍ഡിന്‍റെ നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും താരം പരമ്പര ബഹിഷ്കരിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

പരമ്പര തുടരാന്‍ തീരുമാനിച്ചെങ്കിലും ഇന്ന് റാവല്‍പിണ്ടിയില്‍ നടക്കേണ്ടിയിരുന്ന രണ്ടാം ഏകദിനം അനിശ്ചിതത്വത്തെ തുടര്‍ന്ന് നാളത്തേക്ക് മാറ്റി. പരമ്പരയിലെ അവസാന ഏകദിനം ഞായറാഴ്ച നടക്കും. നിലവിൽ ആദ്യ മത്സരം ജയിച്ച് പാകിസ്താൻ പരമ്പരയിൽ മുന്നിലാണ്.

പാകിസ്ഥാന്‍-ശ്രീലങ്ക ആദ്യ ഏകദിനത്തിന് തൊട്ടുമുമ്പ് ഇസ്ലാമാബാദിലുണ്ടായി കാര്‍ ബോംബാക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. പാക് താലിബാന്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.

Content Highlights: Islamabad blast: Sri Lanka Cricket orders team to stay in Pakistan

To advertise here,contact us