ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് ഒരു താരത്തെ ക്യാപ്റ്റനാക്കാന് കഴിയില്ലെന്ന കാഴ്ചപ്പാട് മാറണമെന്ന് ഇന്ത്യന് താരം അക്സര് പട്ടേല്. ഇന്ത്യന് പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റല്സിന്റെ നായകനായിരുന്ന അക്സര് ഇംഗ്ലീഷ് സംസാരിക്കുന്നതല്ല ഒരു ക്യാപ്റ്റനെ നിര്വചിക്കുന്ന ഘടകമെന്നാണ് പറയുന്നത്.
ഐപിഎൽ 2025 അവസാനിച്ചതിന് മാസങ്ങൾക്ക് ശേഷം ഇംഗ്ലീഷ് ഭാഷ നന്നായി സംസാരിക്കാൻ തനിക്ക് അറിയാത്തതിനാൽ ആളുകൾ തന്റെ ക്യാപ്റ്റൻസി പരിഗണിക്കുന്നില്ലെന്ന് അക്സര് തുറന്നു പറഞ്ഞു. ഇംഗ്ലീഷ് ശരിയായി സംസാരിക്കാൻ കഴിയുമോ എന്നതിനെ അടിസ്ഥാനമാക്കിയല്ല, മറിച്ച് കളിക്കാരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കുക എന്നതാണ് ക്യാപ്റ്റന്റെ ജോലിയെന്ന് സ്പിൻ ബൗളിംഗ് ഓൾറൗണ്ടർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കവേയായിരുന്നു താരത്തിന്റെ പ്രതികരണം.
'അയാള്ക്ക് ഇംഗ്ലീഷ് അറിയില്ല, അതുകൊണ്ട് അയാളെ ക്യാപ്റ്റനാക്കാന് പറ്റിയ ആളല്ല എന്ന് പലരും പറയാറുണ്ട്. സംസാരിക്കുന്നതുമാത്രമല്ല ക്യാപ്റ്റന്റെ പണി. കളിക്കാരെ കുറിച്ച് അറിയുകയും അവരുടെ ഏറ്റവും മികച്ച പ്രകടനം എങ്ങനെ പുറത്തെടുക്കാന് സാധിക്കുകയും ചെയ്യുകയാണ് ക്യാപ്റ്റന്റെ ധര്മം. ഒരു കളിക്കാരന്റെ ശക്തി എന്താണെന്നും ദൗര്ബല്യം എന്താണെന്നും ക്യാപ്റ്റന് അറിഞ്ഞിരിക്കണം. ഒരു കളിക്കാരനുണ്ടെന്നും അവനെ എങ്ങനെയെല്ലാം തനിക്ക് ഉപയോഗിക്കാമെന്നും ക്യാപ്റ്റന് അറിയണം', അക്സര് പറഞ്ഞു.
എന്നാല് ക്യാപ്റ്റന് ഇംഗ്ലീഷ് സംസാരിക്കാന് അറിഞ്ഞിരിക്കണമെന്നും അയാള്ക്ക് വ്യക്തിത്വം ഉണ്ടായിരിക്കണമെന്നുമെല്ലാം സമൂഹം നിര്മിച്ചിരിക്കുന്ന കാഴ്ചപ്പാടുകളാണ്. ഈ വര്ഷം ഞാന് ഡല്ഹി ക്യാപിറ്റല്സിനെ നയിച്ചിരുന്നു. അന്ന് ഒരുപാട് പ്രശംസ ലഭിക്കുകയും ചെയ്തു. വരും കാലങ്ങളിൽ കൂടുതൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഞാൻ കരുതുന്നു. ആളുകൾ അവരുടെ വ്യക്തിപരമായ ചിന്താഗതി മാറ്റേണ്ടത് പ്രധാനമാണ്. 'ഓ ആ താരത്തിന്റെ വ്യക്തിത്വം നല്ലതാണ്, അദ്ദേഹത്തിന് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയും. അതുകൊണ്ട് അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ കൊള്ളാം' എന്ന് ചിന്തിക്കുന്നത് നിർത്തുക. ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഒരു കാര്യം ഭാഷാ തടസ്സം ഉണ്ടാകരുത് എന്നതാണ്.
'ഇതെല്ലാം മീഡിയ നിങ്ങളിലേക്ക് എങ്ങനെയാണ് എത്തിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സോഷ്യല് മീഡിയയില് നിങ്ങള് എത്രത്തോളം സജീവമാണെന്നും നിങ്ങള് എത്രത്തോളം സംസാരിക്കുമെന്നുമെല്ലാം ആളുകള് വിലയിരുത്തുന്നുണ്ട്. ക്യാപ്റ്റനാവാന് അവന് സാധിക്കും, അവന് കഴിവില്ല, അവനെ എടുക്കൂ, അവനെ എടുക്കരുത്, അവനെ ക്യാപ്റ്റനാക്കണം എന്നെല്ലാം അഭിപ്രായങ്ങള് പറയാന് എല്ലാവരും ഇഷ്ടപ്പെടുന്നു', അക്സർ കൂട്ടിച്ചേർത്തു.
Content Highlights: Axar Patel on people trolling his leadership due to language barrier