ഏഷ്യ കപ്പിലും ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിലും ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് ടീമിന്റെ ഓപ്പണർ സ്ഥാനത്ത് നിന്ന് സഞ്ജു സാംസണെ മാറ്റിയതിനെക്കുറിച്ചായിരുന്നു. ഓപ്പണിങ് സ്ഥാനത്ത് നന്നായി കളിച്ച സഞ്ജുവിനെ മാറ്റി വൈസ് ക്യാപ്റ്റൻ റോളിൽ ശുഭ്മാന് ഗിൽ വന്നെങ്കിലും തിളങ്ങാനായിരുന്നില്ല. ഇതോടെ വലിയ വിമർശനവും നേരിടേണ്ടി വന്നു.
ഈ സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയിൽ സെലക്ടർമാർ ടീമിൽ ചില അഴിച്ചുപണികൾ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റനായ ഗില്ലിന് ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കും. ടി 20 പരമ്പരക്ക് മുമ്പേ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും കളിക്കുന്നുണ്ട്.
ടി 20 യിൽ ഗില്ലിന് വിശ്രമം അനുവദിക്കുമ്പോൾ സഞ്ജു ഓപ്പണറായി തിരിച്ചെത്തും. ബാക്കപ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെയും ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഡിസംബർ 9ന് കട്ടക്കിൽ നടക്കും. ടീമിനെ അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും.
Content Highlights: Sanju gets opening slot again; Gill rested for T20 series against South Africa