ഐപിഎല്ലിൽ നിലവിലെ ചാംപ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തിരിച്ചടി. അടുത്ത സീസൺ ഐപിഎല്ലിൽ ആർസിബിക്ക് സ്വന്തം ഹോം സ്റ്റേഡിയമായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കളിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഐപിഎൽ വിജയഘോഷം നടത്തുന്നതിനിടെ ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരണപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബിസിസിഐ ക്രിക്കറ്റ് മത്സരങ്ങൾ അനുവദിക്കുന്നില്ല. ഇക്കാരണത്താലാണ് ഐപിഎൽ മത്സരങ്ങൾക്കും സ്റ്റേഡിയത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ചിന്നസ്വാമി സ്റ്റേഡിയത്തിൻ്റെ സസ്പെൻഷൻ നീക്കുന്നത് വരെ ആർസിബിയുടെ രണ്ടാമത്തെ ഹോം ഗ്രൗണ്ടായി പൂനെയിലെ ഗഹുഞ്ചെയിലുള്ള മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം പരിഗണനയിലാണ്. 'ആർസിബിയുടെ ഹോം മത്സരങ്ങൾ നടത്തുന്നതിന് പൂനെയിലെ സ്റ്റേഡിയം വേദിയാകുന്നത് ചർച്ചയിലാണ്. എന്നാൽ ഇക്കാര്യ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.' മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കംലേഷ് പിസാൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
'ബെംഗളൂരുവിൽ ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരിക്കാനിടയായ സംഭവം ഒരു പ്രശ്നമായി തുടരുകയാണ്. അതിനാൽ, ആർസിബി ഐപിഎൽ ഹോം മത്സരങ്ങൾക്കായി ഒരു വേദി തേടുകയാണ്. ഞങ്ങളുടെ സ്റ്റേഡിയം ആർസിബിക്കുവേണ്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രാഥമിക ചർച്ചകൾ നടക്കുകയാണ്. എങ്കിലും സാങ്കേതികമായ ചില കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. എല്ലാ കാര്യങ്ങളും അനുകൂലമായി വന്നാൽ, ഒരുപക്ഷേ പൂനെ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും,' പിസാൽ വ്യക്തമാക്കി.
ഈ വർഷം ജൂൺ 3-ന് നടന്ന ഐപിഎൽ കലാശപ്പോരിൽ വിജയിച്ച് ചരിത്രത്തിൽ ആദ്യമായി ആർസിബി ഐപിഎൽ കിരീടമുയർത്തി. പിന്നാലെ ആർസിബി ആരാധകർക്കായി വിജയാഘോഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആരാധകതിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ സുരക്ഷയൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞില്ല. ഇതോടെയാണ് തിക്കിലും തിരക്കിലും അപകടമുണ്ടായത്. അപകടത്തിൽ 11 മരണം സംഭവിച്ചിരുന്നു. പിന്നാലെ ആർസിബി വിജയാഘോം റദ്ദാക്കുകയും ചെയ്തിരുന്നു.
Content Highlights: RCB's homs matches in IPL 2026 set to move out of Chinnaswamy stadium