ഏകദിന ക്രിക്കറ്റ് സൂപ്പർ ലീ​ഗ് വീണ്ടും വരുന്നു; 2027 ലോകകപ്പിന് ശേഷം നടപ്പിലാക്കും

സൂപ്പർ ലീ​ഗ് നടത്തിയാൽ ഏകദിന ക്രിക്കറ്റിന് പുതുജീവൻ നൽകാൻ സാധിച്ചേക്കുമെന്നാണ് ഐസിസി നിരീക്ഷണം.

ഏകദിന ക്രിക്കറ്റിന്റെ സംരക്ഷണത്തിനായി ഏകദിന ക്രിക്കറ്റ് സൂപ്പർ ലീ​ഗ് തിരിച്ചുകൊണ്ടുവരാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2027 ഏകദിന ലോകകപ്പിന് ശേഷമായിരിക്കും സൂപ്പർ ലീ​ഗ് നടക്കുക. മുമ്പ് 2020 ജൂലൈ മുതൽ ഏകദിന സൂപ്പർ ലീ​ഗ് നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

സൂപ്പർ ലീ​ഗ് നടത്തിയാൽ ഏകദിന ക്രിക്കറ്റിന് പുതുജീവൻ നൽകാൻ സാധിച്ചേക്കുമെന്നാണ് ഐസിസി നിരീക്ഷണം. ഏകദിന ക്രിക്കറ്റിനോടുള്ള ആളുകളുടെ താൽപ്പര്യം കുറഞ്ഞതല്ല, ശരിയായ ഘടനയിൽ പരമ്പരകൾ നടത്താത്തതാണ് പ്രശ്നമെന്ന് ഐസിസിയിലെ അം​ഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

13 ടീമുകൾ ഉൾപ്പെടുന്നതാണ് ഏകദിന സൂപ്പർ ലീ​ഗ്. ഐസിസി റാങ്കിങ്ങിലെ ആദ്യ 12 ടീമുകളും ഒരു അസോസിയേറ്റ് രാജ്യവും ഉൾപ്പെടുന്നതാണ് സൂപ്പർ ലീ​ഗ്. 2028ൽ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫോർമാറ്റ് എങ്ങനെയാണെന്ന് ചർച്ചകൾ ആരംഭിച്ചിട്ടില്ല.

2019ലെ ഏകദിന ലോകകപ്പിന് ശേഷം സൂപ്പർ ലീ​ഗ് നടന്നിരുന്നു. ഐസിസി റാങ്കിങ്ങിലെ ആദ്യ 12 ടീമുകൾക്കൊപ്പം നെതർലാൻഡ്സും ലീ​ഗിൽ മത്സരിച്ചു. ഓരോ ടീമുകൾക്കും മൂന്ന് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്ന എട്ട് പരമ്പരകൾ ലഭിക്കും. നാല് പരമ്പരകൾ സ്വന്തം സ്റ്റേഡിയങ്ങളിലും നാല് പരമ്പരകൾ എതിരാളികളുടെ സ്റ്റേഡിയങ്ങളിലും നടക്കും.

പോയിന്റ് ടേബിളിൽ ആദ്യ ഏഴ് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് അടുത്ത തവണത്തെ ലോകകപ്പിന് യോ​ഗ്യത ലഭിക്കും. മറ്റ് ടീമുകൾ യോ​ഗ്യതാ മത്സരങ്ങൾ കളിക്കണം. എന്നാൽ കഠിനമായ മത്സരക്രമങ്ങൾ ചെറിയ ടീമുകൾക്കിടെയിൽ നിരാശ ഉണ്ടാക്കിയതാണ് ഏകദിന സൂപ്പർ ലീ​ഗ് ഉപേക്ഷിക്കാൻ കാരണം. കൂടുതൽ കരുത്താർന്ന ഒരു മത്സരക്രമം അടുത്ത സൂപ്പർ ലീ​ഗിൽ സൃഷ്ടിക്കുകയാണ് ഐസിസിക്ക് മുന്നിലുള്ള വെല്ലുവിളി.

Content Highlights: ODI Super League revival on the cards

To advertise here,contact us