ഇന്ത്യ അണ്ടര്‍ 19 ടീമിൽ ഇടം നേടി മലയാളി താരം; ദ്രാവിഡിന്റെ മകനും ടീമിൽ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡിനേയും ടീമിൽ ഉള്‍പ്പെടുത്തി

മൂന്ന് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനുള്ള ഇന്ത്യ അണ്ടര്‍ 19 ബി ടീമില്‍ ഇടം നേടി മലയാളി താരം. എ ടീമില്‍ ഉള്‍പ്പെട്ട മുഹമ്മദ് ഇനാനാണ് ബി ടീമിലും ഇടം പിടിച്ചത്.

തൃശൂർ പരൂർ അമ്പലത്തിൻ വീട്ടിൽ ഷാനവാസിന്‍റെയും റഹീനയുടെയും മകനാണ്. കഴിഞ്ഞ ഓസ്ട്രേലിയക്കെതിരെയായ അണ്ടര്‍ 19 ടെസ്റ്റ്, ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് സ്പിന്നറായ ഇനാൻ കാഴ്ചവെച്ചിരുന്നത്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡിനേയും ടീമിൽ ഉള്‍പ്പെടുത്തി. ബി ടീമിന്റെ വിക്കറ്റ് കീപ്പറാണ് 16കാരനായ അന്‍വയ്. അടുത്തിടെ നടന്ന അണ്ടര്‍ 19 ഏകദിന ചലഞ്ചര്‍ ട്രോഫിയില്‍ ടീം സിയില്‍ കളിച്ച അന്‍വയ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

നേരത്തെ, ദ്രാവിഡിന്റെ മൂത്ത മകന്‍ സമിത് ദ്രാവിഡും ഇന്ത്യ അണ്ടര്‍ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവില്‍ കര്‍ണാടയ്ക്ക് വേണ്ടി അണ്ടര്‍ 23 തലത്തില്‍ കളിക്കുന്നുണ്ട് സമിത്.

അതേസമയം, രഞ്ജി ട്രോഫി കളിക്കുന്നതിനാല്‍ ആയുഷ് മാത്രെയെ സെലക്ഷനായി പരിഗണിച്ചില്ല.

എസിസി റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വൈഭവ് സൂര്യവന്‍ഷിയേയും ടീമിലേക്ക് പരിഗണിച്ചില്ല. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിന്‍റെ മകനായ ആര്യവീര്‍ സെവാഗും ടീമിലില്ല.

ഇന്ത്യ അണ്ടര്‍ 19 എ ടീം, അഫ്ഗാനിസ്ഥാന്‍ അണ്ടര്‍ 19 ടീം എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. നവംബര്‍ 17 മുതല്‍ 30 വരെയാണ് മത്സരങ്ങള്‍.

Content Highlights:Malayali player makes it to India U-19 team; Dravid's son also in the team

To advertise here,contact us