ഐപിഎല് താര കൈമാറ്റത്തില് രാജസ്ഥാന് റോയല്സ് നായകന് സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര് കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്ട്ടുകള്.
സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കരണെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇക്കാര്യത്തിൽ വരാനുള്ളത്. എന്നാൽ ജഡേജയെ നല്കി സഞ്ജുവിനെ വാങ്ങാനുള്ള ചെന്നൈയുടെ തീരുമാനത്തിനെതിരെ വിമര്ശനവുമായി എത്തിയിരിക്കുകയാണ് മുന് ഇന്ത്യന് ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ കെ ശ്രീകാന്ത്.
ചെന്നൈയുടെ ഈ നീക്കം ശുദ്ധ മണ്ടത്തരമാണെന്നും ജഡ്ഡുവിനു ഒരു പകരക്കാരനെ കിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. സഞ്ജു സാംസണിനേക്കാള് വളരെയധികം മൂല്യമേറിയ താരമാണ് രവീന്ദ്ര ജഡേജ, ജഡ്ഡുവിനെ കൈവിട്ടാല് ഇങ്ങനെയൊരു കംപ്ലീറ്റ് പാക്കേജായ മറ്റൊരു പ്ലെയറെ ചെന്നൈക്ക് ലഭിക്കാന് പോവുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകള്ക്കു പല അഭിപ്രായവുമുണ്ടായിരിക്കാം. പക്ഷെ സഞ്ജു സാംസണിനേക്കാള് മൂല്യം രവീന്ദ്ര ജഡേജയ്ക്കാണെന്നു ഞാന് 100 ശതമാനവും ഉറപ്പിച്ച് പറയും. രണ്ടു താരങ്ങളുടെയും റെക്കോര്ഡ് പരിശോധിച്ചാല് തന്നെ നിങ്ങൾക്ക് ബോധ്യമാകുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.
ഐ പി എല്ലിൽ 177 മത്സരങ്ങളിൽ നിന്ന് 30 ശരാശരിയിൽ 4704 റൺസ് നേടിയിട്ടുള്ള താരമാണ് സഞ്ജു. ഓൾ റൗണ്ടറായ ജഡേജ 254 മത്സരങ്ങളിൽ നിന്ന് 21 ശരാശരിയിൽ 3260 റൺസും 7. 67 ഇക്കോണമിയിൽ 170 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Content Highlights: 'Jadeja is better than Sanju, CSK's stupid decision'; srikanth