ഐപിഎല് താരകൈമാറ്റത്തില് രാജസ്ഥാന് റോയല്സ് നായകന് സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര് കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്ട്ടുകള്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയും സാം കരണെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന. ഇനി ഔദ്യോഗിക സ്ഥിരീകരണം മാത്രമാണ് ഇക്കാര്യത്തിൽ വരാനുള്ളത്.
സഞ്ജു ടീം വിടുമെന്ന് ഉറപ്പായതോടെ രാജസ്ഥാന്റെ അടുത്ത നായകനെക്കുറിച്ചുള്ള ചര്ച്ചകളും സജീവമാണ്.കഴിഞ്ഞ സീസണില് സഞ്ജുവിന് പരിക്കേറ്റ് മത്സരങ്ങളില് നിന്ന് വിട്ടു നിന്നപ്പോള് നായകനായത് റിയാന് പരാഗ് ആയിരുന്നു. എന്നാല് സഞ്ജു ടീം വിട്ടാല് ടീമിന്റെ അടുത്ത നായകനായി റിയാന് പരാഗിനെ പരിഗണിക്കാനിടയില്ലെന്നാണ് നിലവിലെ സൂചന. പകരം ഓപ്പണര് യശസ്വി ജയ്സ്വാളിനോ ധ്രുവ് ജുറെലിനോ ആകും രാജസ്ഥാന് നായകസ്ഥാനത്തേക്ക് ആദ്യ പരിഗണന നല്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്തു.
രാജസ്ഥാൻ റോയല്സിനെ 67 മത്സരങ്ങളില് നയിച്ച സഞ്ജു 33 മത്സരങ്ങളില് ജയിച്ചപ്പോള് 33 മത്സരങ്ങളില് തോറ്റു. ടീമിനെ 2022ൽ ഐപിഎല് ഫൈനലിലും 2024ലെ പ്ലേ ഓഫിലും എത്തിക്കാൻ സഞ്ജുവിനായി. സഞ്ജു ടീം വിടുന്നതോടെ കോച്ച് കുമാര് സംഗക്കാരയുടെ പ്രധാന തലവേദന സഞ്ജുവിന്റെ പകരക്കാരനെ കണ്ടെത്തുക എന്നതായിരിക്കും. ധ്രുവു ജുറെലും യശസ്വി ജയ്സ്വാളും രാജസ്ഥാന്റെ അടുത്ത നായകന്മാരാവാനുള്ള മത്സരത്തില് മുന്പന്തിയിലുള്ളപ്പോള് റിയാന് പരാഗിന്റെ സാധ്യതകള്ക്ക് മങ്ങലേറ്റുവെന്നാണ് റിപ്പോര്ട്ടുകള്.
ക്യാപ്റ്റനാവാനുള്ള സന്നദ്ധത ജയ്സ്വാളും ജുറെലും കോച്ച് കുമാര് സംഗക്കാരയെ അറിയിച്ചിട്ടുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെ ജുറെലുമായും ജയ്സ്വാളുമായും സംഗക്കാര ലണ്ടനില് കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights:if Sanju leaves, one of those two will become Rajasthan's captain!