സൂപ്പർ താരങ്ങാളായ വിരാട് കോഹ്ലിക്കും രോഹിത് ശര്മയ്ക്കും തുടര്ന്നും ഏകദിനം കളിക്കണമെങ്കില് ആഭ്യന്തര ക്രിക്കറ്റില് സജീവമാകണമെന്ന് ബിസിസിഐ. ഇരുവർക്കും ഇതുമായി സംബന്ധിച്ച സന്ദേശം കൈമാറിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം ഡിസംബര് 24ന് ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില് ഇരുവരും കളിക്കും. അതിന് മുമ്പ് ഡിസംബര് 3 മുതല് 9 വരെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാട്ടില് നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലും ഇരുവര്ക്കും കളിക്കാം.
ശേഷം ജനുവരി 11 മുതല് ന്യൂസിലന്ഡിനെതിരായ മറ്റൊരു ഏകദിന പരമ്പരയിലും ഇരുവർക്കും കളിക്കാം. ഇതിന്റെയെല്ലാം പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും 2027 ൽ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടുക.
വിജയ് ഹസാരെ ട്രോഫിയില് കളിക്കാന് താന് ലഭ്യമാകുമെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (എംസിഎ) അറിയിച്ചതായി ഇന്ത്യന് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്തു. ലണ്ടനില് താമസിക്കുന്ന കോഹ്ലിയുടെ ലഭ്യതയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ലെങ്കിലും താരവും ആഭ്യന്തര ക്രിക്കറ്റ് കളിക്കുമെന്ന് തന്നെയാണ് ബിസിസിഐയുടെ പ്രതീക്ഷ.
കഴിഞ്ഞ മാസം ഓസ്ട്രേലിയയില് നടന്ന ഏകദിന പരമ്പരയിലാണ് കോഹ്ലിയും രോഹിത്തും അവസാനമായി കളിച്ചത്. അവസാന മത്സരത്തില് ഇരുവരുടേയും കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് മത്സരങ്ങളില് രണ്ടിലും രോഹിത് മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നാം മത്സരത്തില് സെഞ്ച്വറി നേടി. കോഹ്ലി രണ്ട് തവണ പൂജ്യത്തിന് പുറത്തായെങ്കിലും അവസാന മത്സത്തില് പുറത്താവാതെ 74 റണ്സ് നേടി.
Content Highlights:Domestic cricket is mandatory; BCCI instructs Rohit and Kohli