'ചെന്നൈയിലെത്തിയാലും സഞ്ജുവിന് ക്യാപ്റ്റൻസി ലഭിക്കില്ല'; പ്രതികരണവുമായി ആർ അശ്വിൻ

ചെന്നൈയിലെത്തിയാല്‍ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനിടയില്ലെന്ന് തുറന്നുപറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ താരം ആര്‍ അശ്വിന്‍

ഐപിഎല്‍ താരകൈമാറ്റത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. കൈമാറ്റം സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയെയുംസാം കരണെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകുമെന്നാണ് സൂചന.

എന്നാല്‍ ചെന്നൈയിലെത്തിയാല്‍ സഞ്ജുവിന് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനിടയില്ലെന്ന് തുറന്നുപറയുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ താരം ആര്‍ അശ്വിന്‍.

രാജസ്ഥാന്‍ റോയല്‍സിലേക്ക് പോകുന്നത് ജഡേജയെ സംബന്ധിച്ച് മികച്ച നീക്കമായിരിക്കുമെന്നും കരിയര്‍ തുടങ്ങിയിയത്തുതന്നെ തിരിച്ചെത്താന്‍ 36കാരനായ ജഡേജക്കാവുമെന്നും അശ്വിന്‍ പറഞ്ഞു. രാജ്കോട്ടിലെ വിക്കറ്റുകളും ജഡേജയുടെ ബൗളിംഗ് ശൈലിയെ പിന്തുണക്കുന്നതാണ്. അതുപോലെ രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ സ്ഥിരത കൊണ്ടുവരാനും ജഡേജക്കാവും.

അതുപോലെ സഞ്ജുവിനെ സ്വന്തമാക്കുന്നത് ചെന്നൈക്കും ഗുണകരമാണ്. സഞ്ജുവിനെ സ്വന്തമാക്കിയാലും ചെന്നൈക്ക് ഒരു ഫിനിഷറെ കൂടി കണ്ടെത്തേണ്ടിവരുമെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി ജഡേജയാണ് ആ റോള്‍ ചെന്നൈക്കുവേണ്ടി നിര്‍വഹിക്കുന്നതെന്നും അശ്വിന്‍ പറഞ്ഞു.

രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലെത്തിയാല്‍ സഞ്ജു സാംസണും ക്യാപ്റ്റന്‍സി പ്രതീക്ഷിക്കേണ്ട. ആദ്യ സീസണില്‍ സഞ്ജുവിനെ എന്തായാലും ചെന്നൈ ക്യാപ്റ്റൻസി ഏല്‍പ്പിക്കാന്‍ സാധ്യത കുറവാണ്. റുതുരാജ് ഗെയ്ക്‌വാദ് തന്നെയാകും ചെന്നൈയെ നയിക്കുക. എന്നാല്‍ ഭാവിയില്‍ സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള സാധ്യതകളും മുന്നിലുണ്ടെന്നും അശ്വിൻ പറഞ്ഞു.

Content Highlights:Sanju won't get captaincy even if he reaches Chennai'; R Ashwin responds

To advertise here,contact us