റിഷഭ് പന്ത് തിരിച്ചെത്തുമ്പോൾ ആര് പുറത്താകും!; പ്രോട്ടീസിനെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം സാധ്യത ഇലവൻ

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത ശേഷം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഇന്ത്യ

വിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത ശേഷം ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഇന്ത്യ. 14ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ്. നവംബർ 22 നാണ് രണ്ടാമത്തെ ടെസ്റ്റ്. രണ്ട് മത്സരവും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയിൽ മുന്നിലെത്താനാകും ഇന്ത്യയുടെ ശ്രമം.

നിലവിൽ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടിനെതിരെ 2-2 സമനിലയോടെയാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചത്. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ 2-0 ന് ഹോം പരമ്പര വിജയിച്ചു. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും ശ്രീലങ്ക രണ്ടാം സ്ഥാനത്തുമാണ്.

വിന്‍ഡീസിനെതിരെ കളിച്ച ടീമില്‍ നിന്ന് ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. പരിക്കേറ്റ റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന് ശേഷം അദ്ദേഹം ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല.

പന്ത് തിരിച്ചെത്തിയതോടെ, ധ്രുവ് ജൂറലിന് സ്ഥാനം ഉറപ്പില്ലാതായി.

പക്ഷേ, ജുറല്‍ തകര്‍പ്പന്‍ ഫോമിലുമാണ്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എയ്ക്കായി അദ്ദേഹം രണ്ട് സെഞ്ചുറികള്‍ നേടിയിരുന്നു. അതുകൊണ്ട് തന്നെ ടീം മാനേജ്‌മെന്റിന് അദ്ദേഹത്തെ തഴയാന്‍ സാധിക്കില്ല. അങ്ങനെ വരുമ്പോള്‍ ബാറ്റിംഗ് ഓര്‍ഡറില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം.

യശസ്വി ജയ്സ്വാള്‍ - കെ എര്‍ രാഹുല്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ജുറലിനെ പരിഗണിക്കുക മൂന്നാം നമ്പറിലേക്ക് ആയിരിക്കും. അങ്ങനെ വരുമ്പോള്‍ സായ് സുദര്‍ശന് സ്ഥാനം വിട്ടുനില്‍കേണ്ടി വരും. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ സായ് നിരാശപ്പെടുത്തിയിരുന്നു. നാലാം സ്ഥാനത്ത് ക്യാപ്റ്റന്‍ ശുഭമാന്‍ ഗിൽ എത്തും.

പിന്നാലെ റിഷഭ് പന്ത് ക്രീസിലെത്തും. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരായിരിക്കും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. എട്ടാമനായി നിതീഷ് കുമാര്‍ റെഡ്ഡി. പേസര്‍മാരായി ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും കളിക്കും. ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലെത്തും.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതയുള്ള ഇലവന്‍: യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, ധ്രുവ് ജുറല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍ / വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.

Content Highlights: india probable eleven vs south africa first test

To advertise here,contact us