

ചെന്നൈ സൂപ്പർ കിംഗ്സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാമിൽ നിന്ന് അപ്രത്യക്ഷനായി സൂപ്പർ താരം രവീന്ദ്ര ജഡേജ. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ വിട്ടുനൽകണമെങ്കിൽ ജഡേജയെ നൽകണമെന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. സിഎസ്കെ ഇതിന് സമ്മതിച്ചെന്നും ജഡേജയെ രാജസ്ഥാന് നൽകുമെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.
ഇതിനിടെയാണ് ആരാധകരെ ഞെട്ടിച്ച് ജഡേജയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് പെട്ടെന്ന് അപ്രത്യക്ഷമായത്. ഓൾറൗണ്ടർ തന്റെ അക്കൗണ്ട് ഇനാക്ടീവ് ആക്കുകയോ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ ചെയ്തിരിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വലിയ ആശങ്കയാണ് ആരാധകർക്ക് ഉണ്ടായിരിക്കുന്നത്.
രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ജഡേജ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുത്തിരിക്കാമെന്നാണ് ആരാധകരിൽ പലരും വിശ്വസിക്കുന്നത്. മറ്റു ചിലർ ഇത് വ്യക്തിപരമായ തീരുമാനമായിരിക്കാമെന്നും ഒരുപക്ഷേ ക്രിക്കറ്റുമായി ബന്ധപ്പെട്ടതല്ലായിരിക്കാം എന്ന് കരുതുന്നുണ്ട്. ഫ്രാഞ്ചൈസികൾ തമ്മിലുള്ള ട്രേഡിങ്ങിനെ കുറിച്ചോ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അപ്രത്യക്ഷമാകാനുള്ള കാരണത്തെക്കുറിച്ചോ ജഡേജയോ സിഎസ്കെയോ രാജസ്ഥാനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐപിഎല് താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന് റോയല്സ് നായകന് കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജുവിനെ വിട്ടുകിട്ടണമെങ്കില് പകരം റോയല്സ് ചെന്നൈയുടെ വിശ്വസ്ത താരമായ രവീന്ദ്ര ജഡേജയെയാണ് രാജസ്ഥാന് ആവശ്യപ്പെട്ടത്. ഇരുവര്ക്കും 18 കോടിയാണ് പ്രതിഫലം. ജഡേജ, മാത്രം പോര കൂടെ ഡിവാള്ഡ് ബ്രേവിസിനെ കൂടി ആവശ്യപ്പെടുകയാണ് രാജസ്ഥാന് റോയല്സ്. എന്നാൽ ജഡേജയ്ക്കൊപ്പം സാം കരണിനെ വിട്ടുനൽകാമെന്നാണ് ചെന്നൈ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഡീൽ വേണ്ടെന്നാണ് രാജസ്ഥാന്റെ നിലപാട്. ഇതോടെ സഞ്ജുവിന്റെ ഡിലിൽ ഇരുടീമുകൾക്കിടയിലും പ്രതിസന്ധി തുടരുകയാണ്.
Content Highlights: Ravindra Jadeja's Instagram account disappears amid CSK-RR IPL trade buzz