ഐപിഎല്ലിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് ചെന്നൈ സൂപ്പര് കിംഗ്സിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചര്ച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളുകളിൽ ഹോട്ട് ടോപ്പിക്കായിരിക്കുന്നത്. ഇക്കാര്യത്തില് അധികം വൈകാതെ ഔദ്യോഗികമായി സ്ഥിരീകരണമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഐപിഎല് താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന് റോയല്സിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജു സാംസണെ വിട്ടുനൽകണമെങ്കിൽ ജഡേജയെ നൽകണമെന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. സിഎസ്കെ ഇതിന് സമ്മതിച്ചെന്നും ജഡേജയെ രാജസ്ഥാന് നൽകുമെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.
ഇപ്പോഴിതാ രവീന്ദ്ര ജഡേജയെ വിട്ടുനൽകുന്നതിൽ ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നറിയിപ്പ് നൽകുകയാണ് മുൻ താരം പ്രിയങ്ക് പാഞ്ചൽ. സഞ്ജുവിനെ തട്ടകത്തിലെത്തിക്കാൻ വേണ്ടി ജഡേജയെ വിട്ടുകളയുന്നത് വലിയ തെറ്റാണെന്നാണ് പാഞ്ചലിന്റെ നിലപാട്. ഏറെക്കാലം ചെന്നൈയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത ഇതിഹാസത്തെ വിട്ടുകൊടുക്കരുതെന്നും പാഞ്ചൽ എക്സിൽ കുറിച്ചു.
‘സഞ്ജുവിന് വേണ്ടി ജഡേജ ഭായിയെ വിൽക്കാനൊരുങ്ങുന്നത് ചെന്നൈ സൂപ്പർ കിംഗ്സ് ചെയ്യുന്ന ഏറ്റവും വലിയ പിഴവാണ്. ഇതിഹാസങ്ങൾക്കൊപ്പം എന്നും ഉറച്ചുനിന്നിട്ടുള്ള ഒരു ക്ലബ്ബ്, വളരെക്കാലം അക്ഷീണം പ്രയത്നിച്ച, ഒരുപാട് കിരീടങ്ങൾ നേടിയിട്ടുള്ള, ടീമിന്റെ മുഖമായ ഒരു താരത്തെ വിട്ടുകൊടുക്കരുത്’, പാഞ്ചൽ എക്സിൽ കുറിച്ചു.
Trading Jadeja bhai for Sanju could be one of the bigger mistakes @ChennaiIPL could make. For a franchise known to sticking by their legends, they shouldn’t be letting go of someone who’s served them so tirelessly for so long, won multiple championships, and is an icon of team.
അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാമിൽ നിന്ന് അപ്രത്യക്ഷനായിരിക്കുകയാണ് ജഡേജ. ഇതോടെ ജഡേജ സിഎസ്കെ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ഓൾറൗണ്ടർ തന്റെ അക്കൗണ്ട് ഇനാക്ടീവ് ആക്കുകയോ താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയോ ചെയ്തിരിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വലിയ ആശങ്കയാണ് ആരാധകർക്ക് ഉണ്ടായിരിക്കുന്നത്.
Content Highlights: Priyank Panchal Warned CSK about Trading Jadeja for Sanju Samson