'സഞ്ജുവിന്റെ കൈമാറ്റം പൂർത്തിയാകാൻ 48 മണിക്കൂർ, മൂന്ന് താരങ്ങളും ട്രേഡിന് സമ്മതിച്ചു': റിപ്പോർട്ട്

'ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു'

ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്കെത്തുന്നതിന്റെ നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലെന്ന് സൂചന. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കരൺ എന്നീ താരങ്ങൾ രാജസ്ഥാൻ റോയൽസിലേക്കെത്തും. മൂന്ന് താരങ്ങളും ട്രേഡിന് സമ്മതിച്ചു. ക്രിക്ബസാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'താരകൈമാറ്റം പൂർത്തിയാകാൻ ബിസിസിഐ അനുമതി നേടേണ്ടതുണ്ട്. രണ്ട് ഫ്രാഞ്ചൈസികളും താരകൈമാറ്റം ഔദ്യോ​ഗികമായി ബിസിസിഐയെ അറിയിച്ചിട്ടില്ല. രവീന്ദ്ര ജഡേജ-സാം കരൺ-സഞ്ജു സാംസൺ താരകൈമാറ്റം പൂർത്തിയായിട്ടില്ലെങ്കിലും കൃത്യമായ ദിശയിലാണ് നീങ്ങുന്നത്. ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ താരകൈമാറ്റം ഔദ്യോ​ഗികമാകും.' ഒരു ടീമിന്റെ ഔദ്യോ​ഗിക അം​ഗം ക്രിക്ബസിനോട് പറ‍ഞ്ഞു.

ഐപിഎൽ ടീമുകൾ ഒരു താരത്തെ മറ്റൊരു ടീമിന് കൈമാറാൻ ആ​ഗ്രഹിക്കുന്നുവെങ്കിൽ ഇക്കാര്യം അറിയിച്ചുകൊണ്ട് താൽപ്പര്യപത്രം ബിസിസിഐക്ക് സമർപ്പിക്കണം. ബിസിസിഐ അത് ബന്ധപ്പെട്ട ഫ്രാഞ്ചൈസികളുമായി കൈമാറും. ഈ നടപടിക്രമത്തിന് 48 മണിക്കൂർ സമയം എടുക്കും. കൂടാതെ, താരങ്ങളെ കൈമാറുമ്പോൾ നൽകേണ്ട വില വീണ്ടും ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം ഫ്രാഞ്ചൈസികൾക്കുണ്ട്.

Content Highlights: CSK and RR have initiated the process which will take 48 hours to be formalised

To advertise here,contact us