'ബുംറയെ അല്ല, ടി20 ലോകകപ്പില്‍ എതിരാളികള്‍ ഭയക്കേണ്ടത് ആ രണ്ട് താരങ്ങളെ'; തുറന്നുപറഞ്ഞ് അശ്വിന്‍

ഓസ്ട്രേലിയയ്ക്കെതിരെ സമാപിച്ച ട്വന്‍റി20 പരമ്പര വിശകലനം ചെയ്യവേയായിരുന്നു അശ്വിന്റെ പ്രതികരണം

2026 ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ എതിരാളികൾ ഭയക്കേണ്ട താരങ്ങളെ തിരഞ്ഞെടുത്ത് മുൻ താരം രവിചന്ദ്രൻ അശ്വിൻ. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ തുറുപ്പുചീട്ടുകളാവുക അഭിഷേക് ശര്‍മയും വരുണ്‍ ചക്രവര്‍ത്തിയുമാകുമെന്നാണ് മുൻ സ്പിന്നർ പറയുന്നത്. മറ്റ് ടീമുകള്‍ക്ക് ജസ്പ്രീത് ബുംറയെ മാത്രമല്ല നേരിടേണ്ടി വരികയെന്നും അഭിഷേകിനും വരുണിനും വേണ്ടി അവർ ഇതിനോടകം പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി തുടങ്ങിയിട്ടാകുമെന്ന് താന്‍ കരുതുന്നതായും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

"ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് നേടാൻ ഏതെങ്കിലും ടീം ആഗ്രഹിക്കുന്നുവെങ്കിൽ അവർ രണ്ട് പേരെ കുറിച്ച് നന്നായി പഠിക്കേണ്ടതുണ്ട്. കുറച്ചുമുൻപ് എന്നോട് ചോദിക്കുകയാണെങ്കിൽ ജസ്പ്രീത് ബുംറയെ കൈകാര്യം ചെയ്യുകയാണ് ശ്രദ്ധിക്കേണ്ടതെന്ന് ഞാൻ പറഞ്ഞേനെ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. ടിം ഡേവിഡ് വരുൺ ചക്രവർത്തിയെ കൈകാര്യം ചെയ്യുന്നത് ഞാൻ കണ്ടു. അതുപോലെ, ഇന്ത്യയെ തോൽ‌പ്പിക്കാൻ എതിർടീമുകൾ അഭിഷേക് ശർമ്മയെയും വരുൺ ചക്രവർത്തിയെയും എങ്ങനെ നേരിടാമെന്ന് പഠിക്കുന്നുണ്ടാവും", അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ഓസ്ട്രേലിയയ്ക്കെതിരെ സമാപിച്ച ട്വന്‍റി20 പരമ്പര വിശകലനം ചെയ്യവേയായിരുന്നു അശ്വിന്റെ പ്രതികരണം. പരമ്പരയിൽ മികച്ച പ്രകടനമാണ് അഭിഷേകും വരുണും കാഴ്ചവെച്ചത്. പവര്‍പ്ലേയിലും തകര്‍ത്തടിക്കുന്ന അഭിഷേകിന്‍റെ അപകടകരമായ ബാറ്റിങ്, മറ്റു ടീമുകളെ ബോളിങ് പരീക്ഷണങ്ങള്‍ അടിമുടി മാറ്റാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. അതേസമയം മധ്യഓവറുകളിൽ വരുൺ ചക്രവർത്തിയുടെ മിസ്റ്ററി ബോളിങ് എതിരാളികളെ വെള്ളം കുടിപ്പിക്കാറുണ്ട്.

Content Highlights: "Until now Bumrah, but": Ashwin on key players rival teams must target in T20 World Cup 2026

To advertise here,contact us