ഇന്ത്യയിൽ 400ലധികം റൺസ് പിന്തുടർന്ന് ജയിച്ച് ദക്ഷിണാഫ്രിക്ക എ; പരമ്പര സമനിലയിൽ

നാലാം ദിവസം രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്

ഇന്ത്യ എയ്ക്കെതിരായ രണ്ടാം അനൗദ്യോ​ഗിക ചതുർദിന ടെസ്റ്റ് മത്സരത്തിൽ ദക്ഷിണാഫ്രിക്ക എയ്ക്ക് വിജയം. നാലാം ഇന്നിങ്സിൽ 400ലധികം റൺസ് പിന്തുടർന്നാണ് ദക്ഷിണാഫ്രിക്ക എ വിജയിച്ചത്. ബെം​ഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിയിൽ നടന്ന മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് മാത്രം ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 392 റൺസാണ്. സ്കോർ ഇന്ത്യ എ ഒന്നാം ഇന്നിങ്സിൽ 255 റൺസിന് ഓൾ ഔട്ട്, ദക്ഷിണാഫ്രിക്ക എ ആദ്യ ഇന്നിങ്സിൽ 221 റൺസ് ഓൾ ഔട്ട്. ഇന്ത്യ എ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 382 റൺസിന് ഡിക്ലയർഡ്, ദക്ഷിണാഫ്രിക്ക എ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 417 റൺസ്.

നേരത്തെ നാലാം ദിവസം രാവിലെ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. ഓപണർമാരായ ജോർദാൻ ഹെന്നാൻ 91, ലെസെഗോ സെനോക്വാനെ 77 എന്നിവരുടെ തകർപ്പൻ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് രാവിലെ തന്നെ പൊരുതാനുള്ള കരുത്ത് നൽകി. 156 റൺസാണ് ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.

മൂന്നാമനായി ക്രീസിലെത്തിയ സുബൈർ ഹംസ 77, തെംമ്പ ബവൂമ 59 എന്നിവരും ദക്ഷിണാഫ്രിക്കൻ സ്കോർ ഉയർത്തിക്കൊണ്ടിരുന്നു. ഹംസ-ബവൂമ കൂട്ടുകെട്ടിൽ 107 റൺസും പിറന്നു. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മാർക്വസ് അക്കർമാൻ 24 റൺസുമായി വേ​ഗത്തിൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി. എങ്കിലും ആറാമനായി ക്രീസിലെത്തിയ കോണർ എസ്റ്റെർഹുയിസെൻ പുറത്താകാതെ നേടിയ 52 റൺസ് ബലത്തിൽ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി.

നേരത്തെ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 255 റൺസിൽ എല്ലാവരും പുറത്തായി. പുറത്താകാതെ 132 റൺസ് നേടിയ ധ്രുവ് ജുറേലിന്റെ പ്രകടനമാണ് ഇന്ത്യ എയ്ക്ക് ഭേദപ്പെട്ട സ്കോർ നേടി നൽകിയത്. മറുപടി ബാറ്റിങ്ങിൽ 221 റൺസെടുക്കാനെ ദക്ഷിണാഫ്രിക്ക എയ്ക്ക് സാധിച്ചുള്ളൂ. 134 റൺസ് നേടിയ ക്യാപ്റ്റൻ മാർക്വസ് അക്കർമാനാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടത്തിയത്.

രണ്ടാം ഇന്നിങ്സിൽ 24 റൺസ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് വേണ്ടി വീണ്ടും സെഞ്ച്വറി നേട്ടവുമായി ധ്രുവ് ജുറേൽ തിളങ്ങി. പുറത്താകാതെ 127 റൺസാണ് ജുറേൽ രണ്ടാം ഇന്നിങ്സിൽ നേടിയത്. 84 റൺസെടുത്ത ഹർഷ് ദൂബെ ജുറേലിന് മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ റിഷഭ് പന്ത് 65 റൺസും സംഭാവന ചെയ്തു.

രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം ഇന്ത്യ എയാണ് വിജയിച്ചത്. എന്നാൽ രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയത്തോടെ ദക്ഷിണാഫ്രിക്ക എ പരമ്പര സമനിലയിലാക്കി.

Content Highlights: South Africa A beat India A by five wickets

To advertise here,contact us