അണ്ടർ 23 ഏകദിന ടൂർണമെൻ്റിൽ കേരളത്തെ തോൽപ്പിച്ച സൗരാഷ്ട്ര

ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന അഭിഷേക് ജെ നായരുടെ പ്രകടനമാണ് കേരളത്തിന് കരുത്ത് പകർന്നത്

23 വയസിൽ താഴെയുള്ളവർക്കായുള്ള ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് സൗരാഷ്ട്രയോട് തോൽവി. മൂന്ന് വിക്കറ്റിനായിരുന്നു സൗരാഷ്ട്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 280 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര എട്ട് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. ക്വിൻഷ് പദാലിയയുടെ ഓൾ റൗണ്ട് പ്രകടനമാണ് സൗരാഷ്ട്രയ്ക്ക് വിജയം ഒരുക്കിയത്.

ടോസ് നേടിയ സൗരാഷ്ട്ര കേരളത്തെ ആദ്യം ബാറ്റ് ചെയ്യാൻ അയയ്ക്കുകയായിരുന്നു. 21 റൺസെടുത്ത ഒമർ അബൂബക്കറുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തുടർന്നെത്തിയ കൃഷ്ണ നാരായൺ അഞ്ചും ഷോൺ റോജർ ഒൻപതും രോഹൻ നായർ 15ഉം റൺസെടുത്ത് പുറത്തായി. ഒരറ്റത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും മറുവശത്ത് ഉറച്ച് നിന്ന അഭിഷേക് ജെ നായരുടെ പ്രകടനമാണ് കേരളത്തിന് കരുത്ത് പകർന്നത്. അഭിഷേക് 100 റൺസെടുത്തു. 11 ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു അഭിഷേകിൻ്റെ സെഞ്ച്വറി. പവൻ ശ്രീധറും ക്യാപ്റ്റൻ അഭിജിത് പ്രവീണും അഭിഷേകിന് മികച്ച പിന്തുണ നൽകി. ഇരുവർക്കുമൊപ്പം അഭിഷേക് 56 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി. പവൻ ശ്രീധർ 32 റൺസ് നേടിയപ്പോൾ അഭിജിത് പ്രവീൺ 61 റൺസുമായി പുറത്താകാതെ നിന്നു. 53 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സുമടക്കമായിരുന്നു അഭിജിത് 61 റൺസ് നേടിയത്. സൗരാഷ്ട്രയ്ക്ക് വേണ്ടി ക്വിൻഷ് പദാലിയ, മക്വാന ഹിരെൻ, ക്രെയിൻസ് ഫുലേത്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് നാല് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. രാജ് വഗേലയെയും ധ്യേയ് മേത്തയെയും പുറത്താക്കി ആദിത്യ ബൈജുവാണ് കേരളത്തിന് മികച്ച തുടക്കം നല്കിയത്. ക്യാപ്റ്റൻ രക്ഷിത് മേത്തയും രാംദേവും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് സൗരാഷ്ട്രയെ കരകയറ്റിയത്. ഇരുവരും ചേർന്ന് 106 റൺസ് കൂട്ടിച്ചേർത്തു. 54 റൺസെടുത്ത രാംദേവിനെ പുറത്താക്കി ക്യാപ്റ്റൻ അഭിജിത് പ്രവീൺ കേരളത്തിന് പ്രതീക്ഷ നൽകി. രക്ഷിത് മേത്തയെ ആദിത്യ ബൈജുവും പുറത്താക്കിയതോടെ കളി കേരളത്തിൻ്റെ വരുതിയിലെന്ന് തോന്നിച്ച ഘട്ടത്തിലാണ് ക്വിൻഷ് പദാലിയ ക്രീസിലെത്തിയത്. സമ്മർദ്ദ ഘട്ടത്തിലും ഒരറ്റത്ത് ഉറച്ച് നിന്ന് അനായാസ ഷോട്ടുകൾ പായിച്ച പദാലിയ ഒറ്റയ്ക്ക് മത്സരത്തിൻ്റെ ഗതി മാറ്റുകയായിരുന്നു. മൗര്യ ഗൊഘാറിയും ക്രെയിൻസ് ഫുലേത്രയും മികച്ച പിന്തുണ നല്കിയതോടെ 48.4 ഓവറിൽ സൗരാഷ്ട്ര ലക്ഷ്യത്തിലെത്തി. 52 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സുമടക്കം 73 റൺസുമായി പദാലിയ പുറത്താകാതെ നിന്നു. കേരളത്തിന് വേണ്ടി ആദിത്യ ബൈജു മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Saurashtra defeats Kerala in U-23 ODI tournament

To advertise here,contact us