ഓസട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ തന്റെ കരിയറിലെ വലിയൊരു സ്വപ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ യുവ ഓപണിങ് ബാറ്റർ അഭിഷേക് ശർമ. മൂന്ന് മാസത്തിനകം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് കളിക്കുകയാണെങ്കിൽ തന്റെ സ്വപ്നം യാഥാർത്ഥ്യമാകുമെന്ന് അഭിഷേക് ശർമ പറഞ്ഞു.
'ട്വന്റി 20 ലോകകപ്പ് ഒരു വലിയ ടൂർണമെന്റാണ്. ആ ടൂർണമെന്റിൽ ഞാൻ കളിക്കുകയാണെങ്കിൽ, എന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്ന നിമിഷമായിരിക്കും അത്. കുട്ടിക്കാലം മുതൽ ഞാൻ ട്വന്റി 20 ലോകകപ്പ് കളിക്കുന്നത് സ്വപ്നം കാണാറുണ്ട്. ലോകകപ്പ് നേടുന്നത് എന്റെ ആഗ്രഹമാണ്. തീർച്ചയായും ട്വന്റി 20 ലോകകപ്പ് കളിക്കുന്നതിനായി ഞാൻ തയ്യാറെടുക്കും,' അഭിഷേക് ശർമ പറഞ്ഞു.
'ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിൽ ട്വന്റി 20 കളിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ എനിക്ക് വലിയ ആവേശമുണ്ടായി. ഓസ്ട്രേലിയയിൽ ബാറ്റിങ്ങിന് അനുകൂല പിച്ചുകളാണെന്ന് ഞാൻ കരിയറിൽ മുമ്പെ മനസിലാക്കിയതാണ്. പല മത്സരങ്ങളിലും ഇന്ത്യയ്ക്ക് ഇതിലും മികച്ച സ്കോറുകൾ നേടാമായിരുന്നു. അഭിഷേക് കൂട്ടിച്ചേർത്തു.'
ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെയും അഭിഷേക് അഭിനന്ദിച്ചു.
'ഹേസൽവുഡ് പന്തെറിഞ്ഞ രീതി ഏത് ടീമിനും ഗുണം ചെയ്യും. ബാറ്റർമാരും ബൗളർമാരും തമ്മിലുള്ള പോരാട്ടം ഞാൻ എപ്പോഴും ആസ്വദിക്കാറുണ്ട്. ഹേസൽവുഡ് ഒരു ലോകോത്തര ബൗളറാണ്. മികച്ച ഒരു ബാറ്ററാകാൻ ലോകോത്തര ബൗളർമാരെ നേരിടേണ്ടതുണ്ട്. അത്തരം ബൗളർമാരെ നേരിടാൻ വേണ്ടി ഞാൻ പരിശീലനം നടത്തിയിരുന്നു. അതുവഴി തന്റെ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കും,' അഭിഷേക് വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ കൂടുതൽ റൺസെടുത്ത താരമാണ് അഭിഷേക് ശർമ. അഞ്ച് മത്സരങ്ങളിൽ നിന്നായി 169 റൺസാണ് അഭിഷേക് നേടിയത്. പരമ്പരയുടെ താരവും അഭിഷേക് ആയിരുന്നു. ഇതിനുമുമ്പ് നടന്ന ഏഷ്യാകപ്പ് ട്വന്റി 20 ടൂർണമെന്റിലും കൂടുതൽ റൺസെടുത്ത താരം അഭിഷേക് ആയിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 314 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. പരമ്പരയുടെ താരമായതും ഇന്ത്യയുടെ ഈ യുവഓപണർ ആയിരുന്നു.
Content Highlights: Abhishek Sharma talks about playing 2026 T20 World Cup