

ബുന്ദസ് ലീഗയിൽ യൂണിയൻ ബെർലിനോട് സമനില വഴങ്ങി ബയേൺ മ്യൂണിക്ക്. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. ബയേണിന് വേണ്ടി ലൂയിസ് ഡയസും ഹാരി കെയ്നും ഗോളുകൾ കണ്ടെത്തിയപ്പോൾ ഡാനിലോ ഡോഹെകി യൂണിയൻ ബെർലിന്റെ രണ്ട് ഗോളുകളും നേടി.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ യൂണിയൻ ബെർലിൻ തന്നെയാണ് ആദ്യം ലീഡെടുത്തത്. 27-ാം മിനിറ്റിൽ ഡാനിലോ ഡോഹെകിയിലൂടെ ആതിഥേയർ മുന്നിലെത്തി. എന്നാൽ 38-ാം മിനിറ്റിൽ ലൂയിസ് ഡിയാസ് ബയേണിന് സമനില ഗോൾ നൽകി. രണ്ടാം പകുതിയിൽ 83-ാം മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു കിട്ടിയ അവസരത്തിൽ ഡാനിലോ ഡോഹെകി വീണ്ടും ബയേണിനെ ഞെട്ടിച്ചു. പരാജയം മുന്നിൽ കണ്ട ബയേണിനെ രണ്ടാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഹാരി കെയിൻ രക്ഷിക്കുകയായിരുന്നു. ഇതോടെ ബയേൺ പരാജയം ഒഴിവാക്കി.
സമനില വഴങ്ങിയതോടെ സീസണിൽ റെക്കോർഡ് കുറിച്ച ബയേൺ മ്യൂണിക്കിന്റെ വിജയകുതിപ്പാണ് അവസാനിച്ചത്. സീസണിൽ കളിച്ച 16 മത്സരങ്ങളും വിജയിച്ചാണ് ബയേൺ സമനില വഴങ്ങുന്നത്. നിലവിൽ 10 മത്സരങ്ങൾക്ക് ശേഷം ലീഗിൽ 6 പോയിന്റ് മുന്നിൽ ഒന്നാമത് തുടരുകയാണ് ബയേൺ.
Content Highlights: Union Berlin ends Bayern Munich’s record 16-game winning streak with 2-2 draw in Bundesliga