ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ചാം ടി 20 മത്സരം ഇന്ന്. ഉച്ച തിരഞ്ഞ് 1 .45 മുതൽ ഗാബ സ്റ്റേഡിയത്തിലാണ് മത്സരം. നിലവിൽ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന മത്സരവും വിജയിച്ച് പരമ്പര വിജയം സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. എന്നാൽ സ്വന്തം മണ്ണിൽ പരമ്പര നഷ്ടം ഒഴിവാക്കാൻ ഓസ്ട്രേലിയയ്ക്ക് വിജയം അനിവാര്യമാണ്.
ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ഇന്ത്യൻ ടീം നേരിടുന്ന പ്രശ്നം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും മോശം ഫോമാണ് ഇന്ത്യയ്ക്ക് തലവേദനയാകുന്നത്. കഴിഞ്ഞ ഏഴ് ഇന്നിങ്സിൽ ഒരിക്കൽ പോലും അർദ്ധ സെഞ്ച്വറി നേടാൻ ഗില്ലിന് സാധിച്ചിരുന്നില്ല. എങ്കിലും കഴിഞ്ഞ മത്സരം നടന്ന കാൻബറയിലെ റൺസടിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചിൽ ഗിൽ 46 റൺസ് നേടിയിരുന്നു.
നന്നായി തുടങ്ങുന്ന സൂര്യകുമാർ യാദവിന് മികച്ച സ്കോറിലേക്കെത്താൻ സാധിക്കുന്നില്ല. അടുത്ത മാസത്തെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് മുന്നോടിയായി മികവിലേക്കുയരുകയാണ് സൂര്യയുടെ ലക്ഷ്യം.
മറുവശത്ത് ഇന്ത്യൻ സ്പിന്നർമാർ ഒരുക്കുന്ന വെല്ലുവിളിയെ മറികടക്കാനാകും ഓസ്ട്രേലിയ ശ്രമിക്കുക.
ഇന്ത്യൻ സ്പിൻ നിരയെ നേരിടാൻ കഴിയാതെയാണ് ഓസീസ് നാലാം ട്വന്റി 20 പരാജയപ്പെട്ടത്. മിച്ചൽ മാർഷ്, മാർകസ് സ്റ്റോയിനിസ്, ടിം ഡേവിഡ് എന്നിവരെ അമിതമായി ആശ്രയിക്കുന്നതും ഓസീസിന് തിരിച്ചടിയാണ്.
അതേ സമയം ഓസീസിനെതിരെയുള്ള അഞ്ചാമത്തേയും അവസാനത്തെയും ടി 20 യിലും മലയാളി താരം സഞ്ജു സാംസൺ പുറത്തിറക്കാൻ തന്നെയാണ് സാധ്യത. സഞ്ജുവിന് പകരം മൂന്നാം ടി 20 യിലെത്തി ഭേദപ്പെട്ട പ്രകടനം നടത്തിയ ജിതേഷ് നാലാം ടി 20 യിൽ തിളങ്ങിയില്ലെങ്കിൽ കൂടി വിന്നിംഗ് ടീമിനെ പൊളിക്കാൻ സാധ്യത ഇല്ല. അതുകൊണ്ട് തന്നെ സഞ്ജുവിന്റെ സാധ്യത വളരെ കുറവാണ്.
അങ്ങനെയെങ്കിൽ രണ്ടാം ടി 20 മത്സരത്തിലെ ഒറ്റ ഫോം ഔട്ട് ഒരു പരമ്പര തന്നെ സഞ്ജുവിന് നഷ്ടമാക്കി എന്ന് പറയേണ്ടി വരും.
Content Highlights: india vs australia fifth t20 preview