ശുഭ്മൻ ഗില്ലിന്റെ നാലാം ടി 20 യിലെ ഇന്നിങ്സിനെ വിമർശിച്ച് ഓസ്ട്രേലിയൻ താരം നഥാൻ എല്ലിസ്. മത്സരത്തിലെ പ്രകടനം ഇന്നത്തെ ടി 20 ക്രിക്കറ്റിന് യോജിച്ചതല്ലെന്ന് നഥാൻ എല്ലിസ് പറഞ്ഞു. എന്നാൽ ആ ഇന്നിങ്സ് ഈ മത്സരത്തിൽ ഇന്ത്യക്ക് നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിൽ 39 പന്തുകളിൽ നിന്നായി ഒരു സിക്സും നാല് ഫോറും അടക്കം 46 റൺസാണ് വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നേടിയത്. ഏഷ്യ കപ്പിൽ ഓപ്പണിങ് സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം കഴിഞ്ഞ കുറെ മത്സരങ്ങളിലായി തിളങ്ങാതിരുന്ന ഗില്ലിന്റെ ഭേദപ്പെട്ട പ്രകടനമായിരുന്നു ഇത്.
താരത്തിന്റെ ഈ പ്രകടനം ഇന്ത്യക്ക് വളരെ നിർണായകമായിരുന്നു. എന്നാൽ ടി 20 ബാറ്റിംഗ് ഇങ്ങനെയല്ല എന്ന് ആരാധകരുടെ രൂക്ഷമായ വിമർശനവും ഉയരുന്നുണ്ട്.
അതേ സമയം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. 48 റൺസിനായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ഇന്ത്യ വിജയിച്ചതോടെ ശനിയാഴ്ച നടക്കുന്ന അവസാന മത്സരം ഓസ്ട്രേലിയയ്ക്ക് നിർണായകമായി. അന്ന് വിജയിക്കാനായാൽ ഓസ്ട്രേലിയയ്ക്ക് പരമ്പര സമനിലയിലാക്കാം. മറിച്ചാണ് ഫലമെങ്കിൽ ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ട്വന്റി 20 പരമ്പര സ്വന്തമാക്കാം.
Content Highlights: You don’t associate with today’s T20 cricket Nathan Ellis on Shubman Gill