രക്ഷകനായി മഴ; ഹോങ്കോങ് സിക്സസിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം

റോബിൻ ഉത്തപ്പയാണ് മാൻ ഓഫ് ദ മാച്ച്

ഹോങ്കോങ് ക്രിക്കറ്റ് സിക്സസിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴമൂലം തടസപ്പെട്ട മത്സരത്തിൽ ഡക് വർത്ത് ലൂയീസ് നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെടുത്തു. മറുപടി പറഞ്ഞ പാകിസ്താന് മൂന്ന് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെടുക്കാനെ സാധിച്ചുള്ളു. തുടർന്ന് മത്സരം മഴയെ തുടർന്ന് തടസപ്പെടുകയായിരുന്നു. റോബിൻ ഉത്തപ്പയാണ് മാൻ ഓഫ് ദ മാച്ച്

നേരത്തെ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 11 പന്തിൽ 28 റൺസെടുത്ത റോബിൻ ഉത്തപ്പ, 13 പന്തിൽ 24 റൺസ് നേടിയ ഭരത് ചിപ്പിലി എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. സ്റ്റുവർട്ട് ബിന്നി നാല് റൺസെടുത്തും അഭിമന്യൂ മിഥുൻ ആറ് റൺസെടുത്തും പുറത്തായി. ക്യാപ്റ്റൻ ദിനേശ് കാർത്തിക് ആറ് പന്തിൽ പുറത്താകാതെ 17 റൺസെടുത്തു.

മറുപടി ബാറ്റിങ്ങിൽ പാകിസ്താനായി ഖ്വാജ നഫെയ് പുറത്താകാതെ ഒമ്പത് പന്തിൽ 18 റൺസും അബ്ദുൾ സമദ് ആറ് പന്തിൽ പുറത്താകാതെ 16 റൺസുമെടുത്തു. ഏഴ് റൺസെടുത്ത മാസ് സദാഖത്തിന്റെ വിക്കറ്റാണ് പാകിസ്താന് നഷ്ടമായത്. സ്റ്റുവർട്ട് ബിന്നിയുടെ പന്തിൽ ദിനേശ് കാർത്തിക് ക്യാച്ചെടുത്താണ് സദാഖത്ത് മടങ്ങിയത്.

പൂൾ സിയിൽ ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം കുവൈത്ത് ആണ് മറ്റൊരു ടീം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള മത്സരം നാളെ രാവിലെ 6.40ന് നടക്കും. ഈ മത്സരം വിജയിക്കാനായാൽ ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. കുവൈത്തിനെതിരായ മത്സരത്തിൽ പാകിസ്താൻ വിജയിച്ചിരുന്നു.

ഹോങ്കോങ് സിക്സസിന്റെ 2025 പതിപ്പിൽ പലതവണ രസംകൊല്ലിയായി മഴയെത്തി. ടൂർണമെന്റിലെ ആദ്യ മത്സരം ബം​ഗ്ലാദേശും ഹോങ്കോങ്ങും തമ്മിലായിരുന്നു. ഈ മത്സരം മഴമൂലം ഉപേക്ഷിച്ചു. പിന്നാലെ രണ്ടാം മത്സരം യുണൈറ്റഡ് അറബ് എമിറേറ്റ്സും ഇം​ഗ്ലണ്ടും തമ്മിലായിരുന്നു. ഈ മത്സരവും മഴയെതുടർന്ന് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചു.

മൂന്നാം മത്സരത്തിൽ പാകിസ്താനെ കുവൈത്ത് ഉയർത്തിയ 124 റൺസിന്റെ വിജയലക്ഷ്യം മറികടന്നു. അഫ്​ഗാനിസ്ഥാൻ നേപ്പാളിനെ തോൽപ്പിച്ചപ്പോൾ ആതിഥേയരായ ഹോങ്കോങ് നിലവിലെ ചാംപ്യന്മാരായ ശ്രീലങ്കയെ അട്ടിമറിച്ചു. ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ച അഫ്​ഗാനിസ്ഥാൻ അടുത്ത റൗണ്ടിലെത്തുകയും ചെയ്തു. പിന്നാലെ ബം​ഗ്ലാദേശിനോട് പരാജയപ്പെട്ട നിലവിലെ ചാംപ്യന്മാരായ ശ്രീലങ്ക ബൗൾ ​ഗ്രൂപ്പിലേക്ക് തരംതാഴ്ത്തപ്പെടുകയും ചെയ്തു.

Content Highlights: India wins first match against Pakistan in Hong Kong Cricket Sixes.

To advertise here,contact us