രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ എയ്ക്ക് മേൽക്കൈ

ഇന്ത്യൻ ബൗളിങ് നിരയിൽ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി

ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം അനൗദ്യോ​ഗിക ചതുർദിന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യ എയ്ക്ക് മേൽക്കൈ. ബൗളർമാരുടെ മിന്നൽ പ്രകടനത്തിൽ ഇന്ത്യ എ ആദ്യ ഇന്നിങ്സ് ലീഡ് നേടി. പിന്നാലെ രണ്ടാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ എ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 78 റൺസെന്ന നിലയിലാണ്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് ലീഡ് 112 റൺസിലെത്തിയിട്ടുണ്ട്.

നേരത്തെ ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 255 റൺസിന് ഓൾ ഔട്ടായിരുന്നു. പുറത്താകാതെ 132 റൺസെടുത്ത ധ്രുവ് ജുറേലിന്റെ പ്രകടനമാണ് ഇന്ത്യ എയെ ആദ്യ ഇന്നിങ്സിൽ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 221 റൺസിൽ എല്ലാവരും പുറത്തായി. 134 റൺസ് നേടിയ ക്യാപ്റ്റൻ മാർക്വസ് അക്കർമാൻ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയത്. കൂടാതെ 26 റൺസെടുത്ത ജോർദാൻ ഹെർമൻ, 20 റൺസെടുത്ത സുബരായൻ എന്നിവർക്ക് മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.

ഇന്ത്യൻ ബൗളിങ് നിരയിൽ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. സ്പിന്നർമാരായ കുൽദീപ് യാദവും ഹർഷ് ദൂബെയും ഓരോ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് റൺസെടുക്കും മുമ്പെ അഭിമന്യൂ ഈശ്വരനെ നഷ്ടമായി. ആദ്യ ഇന്നിങ്സിലും അഭിമന്യൂ പൂജ്യത്തിനാണ് മടങ്ങിയത്. സായി സുദർശൻ 23 റൺസും ദേവ്ദത്ത് പടിക്കൽ 24 റൺസുമെടുത്ത് വിക്കറ്റ് നഷ്ടമാക്കി. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ 24 റൺസോടെ കെ എൽ രാഹുലും റൺസൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാൻ കുൽദീപ് യാദവുമാണ് ക്രീസിൽ.

Content Highlights: India A Extend Lead To 112, Reach 78/3 vs SA A

To advertise here,contact us