വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയോടേറ്റ തോൽവി തന്നെ മാനസികമായി തകർത്തെന്ന് ഓസ്ട്രേലിയ ക്യാപ്റ്റൻ അലിസ ഹീലി. തോൽവിയുടെ ആഘാതത്തിൽ നിന്ന് പുറത്തുകടക്കാൻ സമയമെടുക്കുമെന്നും അതുകൊണ്ട് തന്നെ താൻ ഇന്ത്യ-ദക്ഷിണഫ്രിക്ക ഫൈനൽ മത്സരം കണ്ടില്ലെന്നും ഹീലി പറഞ്ഞു.
മത്സരത്തിൽ ജെമീമ റോഡ്രിഗസിന്റെ വിലപ്പെട്ട ക്യാച്ചുകൾ വിട്ടുകളഞ്ഞതാണ് മത്സരത്തിൽ തിരിച്ചടിയായെന്നും താരം കൂട്ടിച്ചേർത്തു. 'ടൂർണമെന്റിൽ ഗംഭീര ക്രിക്കറ്റാണ് ഞങ്ങൾ കളിച്ചത്, പക്ഷേ സെമിയിൽ ഇന്ത്യയെ മറികടക്കാനായില്ല. ഏറെ നിരാശയുണ്ട്, പക്ഷേ ഈ ടീമിന് ഇനി വരുന്ന ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്താനാകും, ഹീലി പ്രതികരിച്ചു.
നവി മുംബൈയിലെ ഡി വൈ പാട്ടീല് സ്റ്റേഡിയത്തില് നടന്ന വാശിയേറിയ പോരാട്ടത്തിലാണ് കരുത്തരായ ഓസീസിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ എത്തുന്നതും ആദ്യമായി ലോക കിരീടം നേടുന്നതും. കഴിഞ്ഞ കുറെ നാളുകളായി ലോകകപ്പിൽ തോൽക്കാത്ത ടീമായിരുന്നു ഓസീസ്.
മത്സരത്തിൽ 49.5 ഓവറില് 338 റണ്സാണ് സന്ദര്ശകര് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില് പക്ഷേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. 48.3 ഓവറില് ലക്ഷ്യം മറികടന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറിക്കരുത്താണ് വനിത ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ടോട്ടൽ ചേസ് ചെയ്യാൻ ഇന്ത്യയെ സഹായിച്ചത്. ശേഷം കലാശ പ്പോരിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ കിരീടം നേടുകയും ചെയ്തു.
Content Highlights: Alyssa Healy confesses she’s ‘still haunted’ by India defeat