നാലാം ടി20 യിലും മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കാത്തതിൽ രൂക്ഷ വിമർശനവുമായി മുൻ താരം ആകാശ് ചോപ്ര. സഞ്ജുവിന്റെ കാര്യത്തിൽ മാനേജ്മെന്റ് എന്താണ് ചെയ്തുകൂട്ടുന്നതെന്ന് മനസിലാവുന്നില്ലെന്ന് ചോപ്ര പ്രതികരിച്ചു.
സഞ്ജു സാംസൺ വിഷയത്തിൽ മാനേജ്മെന്റിന്റെയും പരിശീലകന്റെയും നിലപാട് എന്താണ് എന്നാണ് ചോദ്യം, സഞ്ജു കളിക്കാത്തത് വലിയ ചോദ്യമാണ്. കളിപ്പിച്ചപ്പൊഴൊക്കെ അദ്ദേഹം മോശമാക്കിയില്ല. സഞ്ജു അസാധാരണമായി കളിച്ചുവെന്ന് ഞാൻ പറയില്ല. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിരുന്നില്ല. ഒമാനെതിരെ നിങ്ങൾ അവനെ മുൻനിരയിൽ ബാറ്റ് ചെയ്യാൻ ഇറക്കി, അവൻ ഒരു ഫിഫ്റ്റി നേടി, ചോപ്ര പറഞ്ഞു.
ഗില്ലിനെ മുന്നിലേക്ക് കൊണ്ടുവന്നതിനാൽ സഞ്ജുവിന് ഏഷ്യ കപ്പിൽ അവസരം കുറവായിരുന്നു, അതിനുശേഷം കാൻബറയിൽ അവന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. മെൽബണിൽ സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കി. തിളങ്ങാത്തതോടെ അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി. പിന്നീടുള്ള രണ്ട് മത്സരത്തിലും കളിപ്പിച്ചില്ല, ഒറ്റ മത്സരത്തിലെ ഫോം ഔട്ടിന് നൽകേണ്ടിയിരുന്ന വില ഒരു പരമ്പര തന്നെയായി, ഇത് മറ്റു താരങ്ങളുടെ കാര്യത്തിലില്ലെന്നും ചോപ്ര കൂട്ടിച്ചേർത്തു.
അതേ സമയം ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിൽ ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. 48 റൺസിനായിരുന്നു ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി പറഞ്ഞ ഓസ്ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇന്ന് ഇന്ത്യ വിജയിച്ചതോടെ ശനിയാഴ്ച നടക്കുന്ന അവസാന മത്സരം ഓസ്ട്രേലിയയ്ക്ക് നിർണായകമായി. അന്ന് വിജയിക്കാനായാൽ ഓസ്ട്രേലിയയ്ക്ക് പരമ്പര സമനിലയിലാക്കാം. മറിച്ചാണ് ഫലമെങ്കിൽ ഓസീസ് മണ്ണിൽ ഇന്ത്യയ്ക്ക് ട്വന്റി 20 പരമ്പര സ്വന്തമാക്കാം.
Content Highlights: IND vs AUS: Suryakumar Yadav Blasts Shivam Dube Over Loose Delivery