ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ പൊരുതിവീണ് വെസ്റ്റ് ഇൻഡീസ്. മൂന്ന് റൺസിനാണ് ന്യൂസിലാൻഡിന്റെ വിജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവർ പൂർത്തിയാകുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിലെത്താനെ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ ആറിന് 93 എന്ന നിലയിൽ തകർന്നതിന് ശേഷമാണ് വെസ്റ്റ് ഇൻഡീസ് എട്ടിന് 204 എന്ന സ്കോറിലേക്കെത്തിയത്.
നേരത്തെ ന്യൂസിലാൻഡിനായി ടിം റോബിൻസണും ഡേവോൺ കോൺവേയും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. റോബിൻസൺ 39 റൺസെടുത്തപ്പോൾ 16 റൺസാണ് കോൺവേയുടെ സമ്പാദ്യം. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. നാലാമാനായി ക്രീസിലെത്തിയ മാർക് ചാംപ്മാനാണ് കിവീസ് ഇന്നിങ്സിന് അടിത്തറയിട്ടത്.
28 പന്തിൽ ആറ് ഫോറും ഏഴ് സിക്സറും സഹിതം 78 റൺസ് ചാംപ്മാൻ അടിച്ചുകൂട്ടി. 14 പന്തിൽ പുറത്താകാതെ 28 റൺസ് നേടിയ ഡാരൽ മിച്ചൽ ചാംപ്മാന് മികച്ച പിന്തുണ നൽകി. എട്ട് പന്തിൽ പുറത്താകാതെ 18 റൺസെടുത്ത ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റനറും അവസാന ഓവറുകളിൽ മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് അക്കൗണ്ട് തുറക്കും മുമ്പെ ബ്രണ്ടൻ കിങ്ങിനെ നഷ്ടമായി. 33 റൺസുമായി അലിക് അത്നാസെയും 24 റൺസെടുത്ത ക്യാപ്റ്റൻ ഷായി ഹോപ്പും വിൻഡീസ് ഇന്നിങ്സ് മുന്നോട്ടുനയിച്ചെങ്കിലും വിജയലക്ഷ്യത്തിന് ഏറെ അകലെ വീണുപോയി.
ആറിന് 93 എന്ന നിലയിൽ തകർന്നിടത്തുനിന്ന് വിൻഡീസിനെ റോവ്മാൻ പവൽ, റൊമാരിയ ഷെപ്പോർഡ് എന്നിവരാണ് ആദ്യം കരകയറ്റാൻ ശ്രമിച്ചത്. 16 പന്തിൽ ഒരു ഫോറും ആറ് സിക്സറും സഹിതം 46 റൺസാണ് പവലിന്റെ സംഭാവന. 16 പന്തിൽ ഒരു ഫോറും നാല് സിക്സറും സഹിതം 34 റൺസ് റൊമാരിയോ ഷെപ്പോർഡ് അടിച്ചെടുത്തു. 13 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 29 റൺസെടുത്ത മാത്യു ഫോർഡും അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ചു. എങ്കിലും വിജയത്തിനരികെ വഴുതിവീഴാനായിരുന്നു വിൻഡീസിന്റെ വിധി.
വിൻഡീസ് അവസാന 6.2 ഓവറിൽ മാത്രം അടിച്ചെടുത്തത് 106 റൺസാണ്. എന്നാൽ അവസാന നാല് പന്തിൽ വേണ്ടിയിരുന്ന ഏഴ് റൺസെടുക്കാൻ കരീബിയൻ സംഘത്തിന് സാധിച്ചില്ല. പരമ്പരയിൽ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. അഞ്ച് ട്വന്റി 20 മത്സരങ്ങളുള്ള പരമ്പരയിലെ അടുത്ത പോരാട്ടം ഞായറാഴ്ചയാണ്.
Content Highlights: West Indies lose in second T20I against New Zealand