ഇന്ത്യയ്ക്കെതിരായ നാലാം ട്വന്റി 20യിൽ തകർപ്പൻ ക്യാച്ചുമായി ഓസ്ട്രേലിയൻ താരം ടിം ഡേവിഡ്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഷോട്ട് ബൗണ്ടറി ലൈനിൽ കൈവിരലുകൾകൊണ്ടാണ് ടിം ഡേവിഡ് ക്യാച്ചാക്കി മാറ്റിയത്. നന്നായി കളിച്ചുവന്ന സൂര്യകുമാർ 10 പന്തിൽ രണ്ട് സിക്സറുകളുടെ അകമ്പടിയോടെ 20 റൺസുമായി മടങ്ങുകയും ചെയ്തു. പിന്നാലെ ഐസ്ക്രീം സെലിബ്രേഷൻ നടത്തി ഡേവിഡ് വ്യത്യസ്തനാകുകയും ചെയ്തു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ഇന്നിങ്സിന്റെ 16-ാം ഓവറിലെ ആദ്യ പന്തിലാണ് സംഭവം. ഓസീസ് പേസർ സേവ്യർ ബാർലെറ്റായിരുന്നു ബൗളർ. ബാർലെറ്റ് എറിഞ്ഞ പന്തിൽ ഒരു പടുകൂറ്റൻ സിക്സർ തന്നെയായിരുന്നു സൂര്യകുമാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ സൂര്യയുടെ ഷോട്ട് ബൗണ്ടറി ലൈൻ താണ്ടിയില്ല. അന്തരീക്ഷത്തിൽ ഉയർന്ന പന്ത് ടിം ഡേവിഡ് കൈപ്പിടിയിലാക്കി. അതും തന്റെ ഇടത്തേകൈയ്യിലെ രണ്ട് വിരലുകൾ വെച്ചാണ് ഡേവിഡ് ക്യാച്ചെടുത്തത്. ശേഷം പന്ത് നാക്കുകൊണ്ട് നുണയുന്നതായി കാട്ടി താരം ഐസ്ക്രീം സെലിബ്രേഷൻ നടത്തുകയും ചെയ്തു.
A catch with fingertips by Tim David. 😂pic.twitter.com/Npy2PkIGhs
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. 46 റൺസെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ടോപ് സ്കോററായത്. ശിവം ദുബെ 22 റൺസ് നേടി. അവസാന ഓവറുകളിൽ അഞ്ഞടിച്ച അക്സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലീസ്, ആദം സാംബ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highlights: Tim David mistakes ball for ice-cream after tricky take in the field