2026 ഐസിസി ടി20 ലോകകപ്പ് ഫൈനലിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാവുമെന്ന് റിപ്പോർട്ട്. ലോകകപ്പിന് 100 ദിവസങ്ങളിൽ താഴെ മാത്രം ശേഷിക്കെയാണ് വേദികളുടെ കാര്യത്തിൽ റിപ്പോർട്ടുകൾ വന്നുതുടങ്ങുന്നത്. ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് ഐസിസി വനിതാ 50 ഓവർ ലോകകപ്പിന് ആതിഥേയത്വം വഹിച്ച വേദികളെ പുരുഷ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ പരിഗണിക്കില്ലെന്ന് ബിസിസിഐ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഗുവാഹത്തി, വിശാഖപട്ടണം, ഇൻഡോർ, നവി മുംബൈ എന്നീ സ്റ്റേഡിയങ്ങളാണ് വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചത്.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് 2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് നടക്കുക. ടൂർണമെന്റിന്റെ ഔദ്യോഗിക ഷെഡ്യൂളും മത്സരക്രമവും ഐസിസി ഉടൻ പുറത്തിറക്കും. 2023 ഏകദിന ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോൾ ആതിഥേയ നഗരങ്ങളുടെ എണ്ണം പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. ഓരോ വേദിയിലും കുറഞ്ഞത് ആറ് മത്സരങ്ങളെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
🚨 2026 T20 WORLD CUP FINAL AT THE NARENDRA MODI STADIUM. 🚨- Ahmedabad, Delhi, Kolkata, Chennai and Mumbai also been short listed as venues to host the T20 World Cup. (Express Sports). pic.twitter.com/w9NfMDl7Ku
2023 ൽ ഇന്ത്യയിൽ നടന്ന ഐസിസി പുരുഷ ഏകദിന ലോകകപ്പിന് പത്ത് വേദികളാണ് ഉപയോഗിച്ചിരുന്നത്. ഇതിനുപുറമെ, ഗുവാഹത്തിയും തിരുവനന്തപുരവും ഇന്ത്യയുടെ രണ്ട് സന്നാഹ മത്സരങ്ങൾക്കും ആതിഥേയത്വം വഹിച്ചതോടെ ലോകകപ്പ് വേദികളുടെ എണ്ണം 12 ആയി. ഇപ്പോൾ ശ്രീലങ്കയ്ക്കൊപ്പം ഇന്ത്യയും ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാൽ വേദികളുടെ എണ്ണം പരിമിതപ്പെടുത്തിയേക്കും. ഓരോ വേദിയിലും കുറഞ്ഞത് ആറ് മത്സരങ്ങൾ വീതമെങ്കിലും നടത്തുമെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയിലെ മൂന്ന് സ്റ്റേഡിയങ്ങൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് അറിയാമെങ്കിലും ആ വേദികൾ ഏതൊക്കെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
Content Highlights: Narendra Modi Stadium likely to host T20 WC Final 2026