ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ മോശം പ്രകടനത്തിന് കാരണം മലയാളി താരം സഞ്ജു സാംസണും യശസ്വി ജയ്സ്വാളുമാണെന്ന് മുൻ താരം ഇർഫാൻ പത്താൻ. ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി സഞ്ജുവിനെ ബാറ്റിങ് ഓർഡറിൽ തരംതാഴ്ത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മികച്ച ഓപ്പണറായ യശസ്വി ജയ്സ്വാളും ടീമിന് പുറത്താണ്. ഗില്ലിന്റെ സ്ഥിരതയില്ലാത്ത ഫോമിന് കാരണം ടീമിനുള്ളിൽ താരം നേരിടുന്ന കടുത്ത മത്സരമാണെന്നാണ് ഇർഫാൻ പറയുന്നത്.
”കുറച്ച് ഓവറുകൾ എടുത്ത് സെറ്റിൽ ആയാൽ നിങ്ങൾക്ക് റൺസ് നേടാൻ കഴിയും. ഗില്ലിന് റേഞ്ച് ഉണ്ട്. റൺസ് നേടാനുള്ള റേഞ്ച് ഇല്ലാത്ത താരമല്ല അദ്ദേഹം. എന്നാൽ ഇപ്പോൾ ബെഞ്ചിൽ ഇരിക്കുന്ന താരങ്ങളെ കുറിച്ചായിരിക്കും ഗിൽ ചിന്തിക്കുന്നുണ്ടാവുക. സഞ്ജു സാംസണെ പോലെയൊരു താരം ഇപ്പോഴും ഇലവന് പുറത്താണ്”, ഇർഫാന് പറയുന്നു.
”സഞ്ജു 10 വർഷമായി അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമാണ്. കഴിഞ്ഞ വർഷം മൂന്ന് സെഞ്ച്വറി നേടിയ വർഷമായിരുന്നു ഇത്. ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും ഗില്ലിനെ ടീമിലെടുക്കാൻ വേണ്ടി സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന് മാറ്റി. ഇപ്പോഴിതാ ബാറ്റിങ് ഓർഡറിൽ തരംതാഴ്ത്തിയതിന് ശേഷം സഞ്ജുവിനെ ടീമിൽ നിന്നും ഡ്രോപ്പ് ചെയ്തിരിക്കുകയുമാണ്. ജയ്സ്വാളിനെപ്പോലുള്ള ഒരു കഴിവുള്ള കളിക്കാരനും പുറത്തിരിക്കുന്നു. ഇതെല്ലാം ശുഭ്മൻ ഗില്ലിന് അറിയാത്തതല്ല. അപ്പോൾ അതിന്റെ സമ്മർദ്ദം അദ്ദേഹത്തിന് കാണും”, ഇർഫാൻ പത്താൻ കൂട്ടിച്ചേർത്തു.
ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടി സഞ്ജുവിനെ ബാറ്റിങ് ഓർഡറിൽ തരംതാഴ്ത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ ഇലവനിൽ നിന്ന് സഞ്ജു പുറത്തായിരിക്കുകയുമാണ്. പരമ്പരയിലെ മൂന്നാം മത്സരത്തിൽ സഞ്ജുവിന് പകരം ജിതേഷ് ശർമയാണ് ഇലവനിൽ സ്ഥാനം പിടിച്ചത്. ഇന്ന് നടക്കുന്ന നാലാം ടി20യിലും സഞ്ജു പുറത്തിരിക്കുന്നതിന്റെ സൂചനകളാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറയുന്നത്.
Content Highlights: Irfan Pathan alerts Shubman Gill about Sanju Samson, Yashasvi Jaiswal after inconsistent show in T20