ഗ്യാലറിയിലെത്തുന്ന പന്തിനായി ആരാധകർക്ക് അവകാശം ഉന്നയിക്കാം; ബി​ഗ് ബാഷ് ലീഗിൽ പുതിയ നിയമം

ഈ സമയത്ത് മത്സരം വൈകുന്നത് ഒഴിവാക്കാൻ അമ്പയർമാർക്ക് ആവശ്യമായ പന്തുകൾ കൈയ്യിൽ കരുതാം

ഓസ്ട്രേലിയൻ ബി​ഗ് ബാഷ്, വനിത ബി​ഗ് ബാഷ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റുകൾ ആരാധകർക്ക് ആവേശകരമായ ഒരു നിയമമൊരുക്കുന്നു. മത്സരത്തിലെ പന്ത് ആരാധകർക്ക് സ്വന്തമാക്കാനാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് അവസരമൊരുക്കുന്നത്. ഇന്നിങ്സിലെ ആദ്യ ഓവറിൽ ഫോറിലൂടെയോ സിക്സിലൂടെയോ ​ഗ്യാലറിയിലെത്തുന്ന പന്ത് സ്വന്തമാക്കാൻ ആരാധകർക്ക് അവകാശമുന്നയിക്കാം.

ആദ്യ ഓവറിൽ ആരാധകർ പന്ത് സ്വന്തമാക്കിയാലും ഇല്ലെങ്കിലും രണ്ടാമത്തെ ഓവറിൽ പുതിയ പന്തിലാണ് മത്സരം തുടരുക. ട്വന്റി 20 മത്സരത്തിന്റെ അവശേഷിക്കുന്ന 19 ഓവറുകളിൽ രണ്ട് ടീമുകളും ഒരേ നിലവാരത്തിലുള്ള പന്തിൽ കളിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് പുതിയ പന്തെടുക്കുന്നത്.

ആദ്യ ഓവറിൽ ഒന്നിലധികം തവണ ബാറ്റർമാർ പന്തുകൾ ​ഗ്യാലറിയിൽ എത്തിച്ചാൽ അത്രയും തവണ തന്നെ പന്തുകൾ കാണികൾക്ക് സ്വന്തമാകും. ഈ സമയത്ത് മത്സരം വൈകുന്നത് ഒഴിവാക്കാൻ അമ്പയർമാർക്ക് ആവശ്യമായ പന്തുകൾ കൈയ്യിൽ കരുതാം.

നവംബർ ഒമ്പതിന് വനിതാ ബി​ഗ് ബാഷ് ക്രിക്കറ്റ് തുടക്കമാകുമ്പോൾ ഈ പുതിയ നിയമവും നടപ്പിലാകും. പിന്നാലെ ഡിസംബർ 14ന് പുരുഷ താരങ്ങളുടെ ബി​ഗ് ബാഷ് ക്രിക്കറ്റും ആരംഭിക്കും.

Content Highlights: Big Bash set to announce exciting new crowd innovation days out from season opener

To advertise here,contact us