'ധോണി വിരമിക്കില്ല, അടുത്ത ഐപിഎൽ വിജയത്തിനായി ശ്രമിക്കും'; പ്രതികരിച്ച് സിഎസ്കെ

അടുത്ത സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിക്കാൻ തയ്യാറെടുക്കുന്ന താരങ്ങൾ ആരൊക്കെയെന്നും ചോദ്യമുണ്ടായിരുന്നു

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ അടുത്ത പതിപ്പിലും സൂപ്പർ താരം മഹേന്ദ്ര സിങ് ധോണി കളിക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അടുത്ത ഐപിഎൽ കിരീടം നേടാൻ ചെന്നൈ സൂപ്പർ കിങ്സ് പരമാവധി ശ്രമിക്കുമെന്നും കാശി വിശ്വനാഥൻ വ്യക്തമാക്കി. അടുത്ത ഐപിഎൽ കളിക്കുമ്പോൾ ധോണിക്ക് പ്രായം 44 വയസായിരിക്കും. പ്രൊവോക്ക് ലൈഫ്സ്റ്റൈൽ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് സിഎസ്കെ സിഇഒയുടെ വാക്കുകൾ.

വീഡിയോയിൽ ഒരു കുട്ടിയാണ് കാശി വിശ്വനാഥനോട് ചോദ്യങ്ങളുന്നയിക്കുന്നത്. അടുത്ത വർഷം ഐപിഎൽ കിരീടം നേടാൻ പദ്ധതിയിടുന്നുണ്ടോയെന്നായിരുന്നു കുട്ടിയുടെ ആദ്യ ചോദ്യം. 'തീർച്ചയായും ഞങ്ങൾ തയ്യാറാണ്. എന്നാൽ കിരീടനേട്ടം സ്വന്തമാക്കാൻ കഴിയുമോയെന്ന് അറിയില്ല. എങ്കിലും പരമാവധി ശ്രമിക്കും,' സിഎസ്കെ സിഇഒ പ്രതികരിച്ചു.

ധോണി വിരമിക്കുമോയെന്നതായിരുന്നു കുട്ടിയുടെ അടുത്ത ചോദ്യം. ഇല്ല ധോണി വിരമിക്കില്ല എന്ന് കാശി വിശ്വനാഥൻ മറുപടി നൽകി. എന്നാണ് ധോണി വിരമിക്കുകയെന്ന് കുട്ടി വീണ്ടും ചോദിച്ചു. ഇക്കാര്യം ധോണിയോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് സിഎസ്കെ സിഇഒ പറഞ്ഞു.

അടുത്ത സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിക്കാൻ തയ്യാറെടുക്കുന്ന താരങ്ങൾ ആരൊക്കെയെന്നും ചോദ്യമുണ്ടായിരുന്നു. ഇതിന് മറുപടിയായി ഐപിഎൽ ലേലത്തിന് ഏതൊക്കെ താരങ്ങൾ എത്തുമെന്ന് അറിഞ്ഞ ശേഷമെ തീരുമാനം എടുക്കാൻ കഴിയുവെന്ന് കാശി വിശ്വനാഥൻ പ്രതികരിച്ചു.

Content Highlights: MS Dhoni’s IPL retirement declaration made by CSK CEO

To advertise here,contact us