ഇന്ത്യയുടെ വനിതാ ലോകകപ്പ് വിജയത്തിന് പിന്നാലെ ലോകകപ്പ് ട്രോഫിയുടെ ചിത്രം ശരീരത്തില് ടാറ്റൂ ചെയ്ത് ഇന്ത്യന് ക്യാപ്റ്റന് ഹര്മന്പ്രീത് കൗര്. കൈമുട്ടിന് മുകളിലായാണ് താരം ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രം താരം ഇന്സ്റ്റാഗ്രാമില് പങ്കുവെച്ചു.
'എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു, ഇനി എല്ലാ ദിവസവും രാവിലെ ഞാന് നിന്നെ കാണും', സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പമുള്ള വൈകാരിക അടികുറിപ്പായിരുന്നു ഇത്.
നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
ക്യാപ്റ്റൻ ലോറ വോള്വാര്ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്സ്.ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.
Content Highlights: harmanpreet kaur get tatto after world cup win