സീനിയർ ടീമിലെത്താൻ അധികം കാത്തിരിക്കേണ്ട!; യുവ ഏഷ്യാ കപ്പ് കളിക്കാൻ വൈഭവ് എത്തുന്നു

ഐപിഎല്ലിലും ഇന്ത്യ അണ്ടര്‍-19 ടീമിന് വേണ്ടിയും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് വൈഭവ് ടീമിലെത്തുന്നത്

നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.

ടി20 ഫോര്‍മാറ്റിൽ നടക്കുന്ന ടൂര്‍ണമെന്റിനുള്ള ഇന്ത്യൻ ടീമിൽ 14 വയസ്സുകാരൻ കൗമാരതാരം വൈഭവ് സൂര്യവംശിയും ഇടംപിടിച്ചതാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ഐപിഎല്ലിലും ഇന്ത്യ അണ്ടര്‍-19 ടീമിന് വേണ്ടിയും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചാണ് വൈഭവ് ടീമിലെത്തുന്നത്. ആദ്യമായാണ് വൈഭവ് ഇന്ത്യന്‍ എ ടീമില്‍ അംഗമാവുന്നത്. ദേശീയ ടീമില്‍ കളിക്കാനുള്ള പ്രായപരിധി എത്തിയാല്‍ സീനിയര്‍ ടീമിലേക്ക് പാതയിലാണ് കൗമാര താരം.

2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ തകർത്തുകളിച്ച വൈഭവ് ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് ബാറ്ററാവാനാണ് സാധ്യത. കഴിഞ്ഞ ഐപിഎൽ സീസണിൽ റോയൽസിന് വേണ്ടി ഓപ്പണറായ താരം ഒരു സെഞ്ച്വറിയും അർധ സെഞ്ച്വറിയുമുൾപ്പടെ 252 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്.

ഇന്ത്യൻ ടീം: പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹൽ വധേര, നമൻ ധിർ (വൈസ് ക്യാപ്റ്റൻ), സൂര്യൻഷ് ഷെഡ്‌ഗെ, ജിതേഷ് ശർമ (ക്യാപ്റ്റൻ), രമൺദീപ് സിംഗ്, ഹർഷ് ദുബെ, അശുതോഷ് സിംഗ് ശർമ, യാഷ് താക്കൂർ, ഗുർജപ്‌നീത് സിംഗ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെൽ , സുയാഷ് ശർമ്മ, യുദ്ധ്‌വീര്‍ സിംഗ് ചരക്.

സ്റ്റാൻഡ് ബൈ കളിക്കാർ: ഗുർനൂർ സിംഗ് ബ്രാർ, കുമാർ കുശാഗ്ര, തനുഷ് കൊടിയൻ, സമീർ റിസ്‌വി, ഷെയ്ക് റഷീദ്.

Content Highlights: Vaibhav Suryavanshi named in India's Rising Asia Cup squad

To advertise here,contact us