ഐപിഎൽ അടുത്ത സീസൺ താരലേലത്തിന് മുന്നോടിയായി സൂപ്പർ താരം ഹെൻറിച്ച് ക്ലാസനെ സൺറൈസേഴ്സ് ഹൈദരാബാദ് ലേലത്തിൽ വെച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ സൺറൈസേഴ്സ് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. എങ്കിലും റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ക്ലാസനെ സ്വന്തമാക്കാൻ മറ്റു ടീമുകൾ ശ്രമം തുടങ്ങിയെന്നാണ് സൂചനകൾ. എന്നാൽ അടുത്ത സീസണിലേക്കുള്ള താരലേലത്തിന്റെ തിയതികൾ ഇനിയും ബിസിസിഐ പുറത്തുവിട്ടിട്ടില്ല.
2025ലെ ഐപിഎല്ലിന് മുമ്പായി 23 കോടി രൂപയ്ക്കാണ് ക്ലാസനെ സൺറൈസേഴ്സ് നിലനിർത്തിയത്. എങ്കിലും കഴിഞ്ഞ സീസണിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 പന്തിൽ നിന്ന് 105 റൺസ് നേടിയത് മാത്രമാണ് ക്ലാസന്റെ എടുത്തുപറയാവുന്ന പ്രകടനം. തുടർന്നാണ് ഈ വർഷം ലേലത്തിൽ പണം കണ്ടെത്താനായി ക്ലാസനെ റിലീസ് ചെയ്യാൻ സൺറൈസേഴ്സ് ആലോചിക്കുന്നത്.
ഐപിഎൽ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്താണ് സൺറൈസേഴ്സ് ഫിനീഷ് ചെയ്തത്. തുടർന്ന് ഇത്തവണ ടീമിൽ നിർണായക മാറ്റങ്ങൾ വേണമെന്നാണ് മാനേജ്മെന്റിന്റെ ആലോചന. 10 കോടിക്ക് വാങ്ങിയ മുഹമ്മദ് ഷമി, എട്ട് കോടി രൂപ മുടക്കിയ ഹർഷൽ പട്ടേൽ എന്നിവരും പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നില്ല. ഹർഷൽ 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നെങ്കിലും 10 മുകളിലായിരുന്നു ബൗളിങ് എക്കണോമി.
സ്പിൻ നിരയിലും സൺറൈസേഴ്സ് മാറ്റങ്ങൾ വരുത്തിയേക്കും. രാഹുൽ ചാഹർ കഴിഞ്ഞ സീസണിൽ നിരാശപ്പെടുത്തിയത് സൺറൈസേഴ്സ് മാനേജ്മെന്റ് പരിഗണിക്കുന്നുണ്ട്. ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഹർഷ് ദൂബെയ്ക്കൊപ്പം മറ്റൊരു സ്പിന്നറെ ടീമിലെത്തിക്കാനാവും ടീം ലക്ഷ്യമിടുന്നത്.
Content Highlights: SRH set to release Heinrich Klassen for auction table