വനിതാ ഏകദിന ലോകകപ്പ് വിജയത്തിൽ ഹർമൻ പ്രീത് കൗറിനും സംഘത്തിനും അഭിനനന്ദങ്ങളുമായി സൂപ്പർ താരം വിരാട് കോഹ്ലി. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഏറെ അഭിമാനമുള്ള നിമിഷമെന്നും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിനും പരിശീലകനും ബി സി സി ഐ ക്കുമെല്ലാം നന്ദി പറയുന്നുവെന്നും കോഹ്ലി പറഞ്ഞു.
'ഈ പെൺകുട്ടികൾ ചരിത്രം സൃഷ്ടിച്ചു, ഇത്രയും വർഷത്തെ കഠിനാധ്വാനം ഒടുവിൽ തിരിച്ചെത്തുന്നത് കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ എനിക്ക് അഭിമാനിക്കാതിരിക്കാൻ കഴിയില്ല. ഈ നിമിഷം പരമാവധി ആസ്വദിക്കൂ. ഇത് നമ്മുടെ രാജ്യത്ത് കായികരംഗത്തേക്ക് കടന്നുവരാൻ പെൺകുട്ടികളുടെ തലമുറകളെ പ്രചോദിപ്പിക്കും. ജയ് ഹിന്ദ്', കോഹ്ലി കൂട്ടിച്ചേർത്തു.
നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.
ക്യാപ്റ്റൻ ലോറ വോള്വാര്ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്സ്.ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്മ(87), ദീപ്തി ശർമ (58), സ്മൃതി മന്ദാന (45) എന്നിവർ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
Content Highlights: Virat Kohli celebrates Women's World Cup