ഇന്ത്യയുടെ നെഞ്ചിൽ കനൽ കോരിയിട്ട പോരാട്ട വീര്യം; ടൂർണമെന്റ് റൺ വേട്ടക്കാരി; ഒരേയൊരു ലോറ!

ഇന്നലെ ഇന്ത്യക്കെതിരെയുള്ള ഫൈനലിൽ താരം സെഞ്ച്വറി നേടിയിരുന്നു.

ഐസിസി വനിതാ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 571 റണ്‍സാണ് ലോറ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും.

ഇന്നലെ ഇന്ത്യക്കെതിരെയുള്ള ഫൈനലിൽ താരം സെഞ്ച്വറി നേടിയിരുന്നു. 101 റൺസ് നേടിയ ലോറ പുറത്താകുന്നത് വരെ ഇന്ത്യൻ വനിതകൾ വിജയം ഉറപ്പിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ 169 റൺസ് നേടിയ ലോറയാണ് ദക്ഷിണാഫ്രിക്കയെ ഫൈനലിലേക്ക് നയിച്ചത്.

നവി മുംബൈ സ്റ്റേഡിയത്തിൽ നടന്ന കലാശ പോരിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യൻ വനിതകൾ തോൽപ്പിച്ചത്. ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു.

ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു ലോറയുടെ 101 റൺസിന്റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടി ദീപ്തി ശർമ അഞ്ചു വിക്കറ്റും ഷെഫാലി വർമ രണ്ട് വിക്കറ്റും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങുകയായിരുന്നു ഇന്ത്യ. ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങി. റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights: laura wolvaardt brillent perfomance in womens world cup

To advertise here,contact us